കോഴിക്കോട്: ലോറിയിൽ നിന്ന് താഴെ വീണ മദ്യക്കുപ്പികൾ പെറുക്കിയെടുത്ത് നാട്ടുകാർ. കോഴിക്കോട് ഫറോക്കിലാണ് സംഭവം. മദ്യം കയറ്റി എത്തിയ ചരക്കുലോറി ഫറോക്ക് പഴയ പാലത്തിൽ ഇടിക്കുകയായിരുന്നു. അൻപതോളം കെയ്സ് മദ്യക്കുപ്പികളാണ് ഇതോടെ റോഡിൽ ചിതറി വീണത്. ഇന്ന് രാവിലെ 6.30നായിരുന്നു സംഭവം.
കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന ലോറിയിൽ നിന്നാണ് മദ്യക്കുപ്പികൾ റോഡിലേക്ക് വീണത്. ലോറിയിൽ നിന്ന് മദ്യക്കുപ്പികൾ താഴെ വീഴുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. മദ്യമടങ്ങിയ കെയ്സുകൾ താഴെ വീണിട്ടും ലോറി നിർത്താതെ പോയി. മദ്യക്കുപ്പികൾ റോഡിൽ നിറയെ ചിതറിക്കിടക്കുന്നത് വീഡിയോയിൽ കാണാം. നാട്ടുകാർ മദ്യക്കുപ്പികൾ എടുത്തുകൊണ്ടു പോയി. അവശേഷിച്ചവ പോലീസ് എത്തി സ്റ്റേഷനിലേക്ക് മാറ്റി. അനധികൃത മദ്യക്കടത്ത് ആണെന്നാണ് സംശയം. പോലീസ് അന്വേഷണം ആരംഭിച്ചു.
Comments