ന്യൂഡൽഹി: ഗുണ്ടാ-മാഫിയാ സംഘങ്ങളുടെ ആഗോള ഭീകരബന്ധം തകർക്കാൻ സമഗ്ര അന്വേഷണം എൻഐഎ നടത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പാർലമെന്റിലെ ചോദ്യോത്തരവേളയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ഉത്തരം നൽകിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ഗുണ്ടാ -ഭീകര സംഘടനകൾ ക്കെതിരെ എൻഐഎ സമഗ്ര അന്വേഷണമാണ് നടത്തുന്നതെന്നും റായ് അറിയിച്ചു.
2019ലാണ് 11 കേസുകളിലെ ആദ്യ രണ്ടെണ്ണം രജിസ്റ്റർ ചെയ്തത്. 2020-21ൽ നാലെണ്ണം വീതവും ഈ വർഷം ഒരു കേസും രജിസ്റ്റർ ചെയ്‌തെന്നും കേന്ദ്രസഹമന്ത്രി അറിയിച്ചു. 11 കേസു കളിലായി 115 കുറ്റക്കാരിൽ 112 പേരെയാണ് അറസ്റ്റ് ചെയ്തത്. ബഹുജൻ സമാജ് പാർട്ടി നേതാവ് കുൻവർ ഡാനിഷ് അലിയുടെ ചോദ്യത്തിനാണ് ലോക്‌സഭയിൽ റായ് ഉത്തരം നൽകിയത്.
ആഗോള ഭീകരസംഘടകൾ ഇന്ത്യയിൽ ഗുണ്ടാ-മദ്യ-മയക്കുമരുന്ന് മാഫിയാ സംഘങ്ങളെ ഉപയോഗപ്പെടുത്തുന്നുവെന്നും കേന്ദ്രസർക്കാർ എന്ത് നടപടിയാണ് എടുക്കുന്നതെന്നു മായിരുന്നു പ്രധാന ചോദ്യം. സമഗ്ര അന്വേഷണമാണ് രജിസ്റ്റർ ചെയ്ത 11 കേസിലും നടത്തുന്നത്. ഓരോ സംഭവത്തേയും ഒറ്റപ്പെട്ടതായി കാണാനാവില്ല. ആഗോളതലത്തിലെ വിവിധ ഭീകരസംഘടനകളുടെ കുറ്റവാളി ശൃംഖല വിപുലമാണ്. അവ അതിവേഗം കണ്ടെത്താൻ അന്വേഷണ സംഘങ്ങൾക്ക് സാധിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Comments