ന്യൂഡൽഹി: നാവികസേനയുടെ യുദ്ധകപ്പൽ വ്യൂഹത്തിലേയ്ക്ക് അഞ്ചാമത്തെ അന്തർ വാഹിനികൂടി. വാഗിർ എന്ന് പേരിട്ടിരിക്കുന്ന സ്കോർപിയൻ വിഭാഗത്തിൽപ്പെട്ട അന്തർ വാഹിനിയാണ് ഇനി സമുദ്രസുരക്ഷയിൽ കരുത്താകുന്നത്. പൊജക്ട്-75ന്റെ ഭാഗമായ കൽവാരി ക്ലാസ് അന്തർവാഹിനി ഇന്ന് നാവിക സേന ഔദ്യോഗികമായി ഏറ്റുവാങ്ങി.
ആത്മനിർഭർ ഭാരതിന്റെ ഭാഗമായ ആറ് സ്കോർപിയൻ അന്തർവാഹിനിയിൽ അഞ്ചാ മത്തേതാണ് വാഗിർ. റെക്കോഡ് സമയമായ 24 മാസം കൊണ്ടാണ് നാവിക സേനയ്ക്ക് അന്തർവാഹിനി ലഭ്യമാക്കാൻ പ്രതിരോധ വകുപ്പിനായത്. മഡ്ഗാവ് കപ്പൽനിർമ്മാണ ശാലയിലാണ് അന്തർവാഹിനി നിർമ്മിച്ചത്. ഫ്രാൻസിന്റെ നാവിക നിർമ്മാണ വിദഗ്ധരും ഇന്ത്യയിലെത്തി നിർമ്മാണ ഘട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചതായി പ്രതിരോധവകുപ്പ് അറിയിച്ചു.
2020 നവംബർ 12നാണ് അന്തർവാഹിനി നിർമ്മാണം പൂർത്തിയാക്കിയത്. 2021 ഫെബ്രുവരി 22 മുതൽ കടലിൽ വിവിധ ഘട്ടങ്ങളായുള്ള പരീക്ഷണങ്ങൾ പൂർത്തിയാക്കി ക്ഷമത തെളിയിച്ച ശേഷമാണ് നാവികസേനയുടെ കപ്പൽ വ്യൂഹത്തിന്റെ ഭാഗമായത്. സാധാരണ കപ്പൽ നിർമ്മാണത്തിൽ നിന്നും വിഭിന്നമായി ജലത്തിനടിയിൽ പ്രവർത്തിക്കാൻ പാകത്തിന് പല ഉപകരണങ്ങളുടെ രൂപകൽപ്പന, പല യന്ത്രങ്ങളുടേയും വലുപ്പം കുറയ്ക്കൽ എല്ലാം തികഞ്ഞ വെല്ലുവിളി നിറഞ്ഞ ജോലിയാണെന്ന് കപ്പൽ ശാല അധികൃതർ അറിയിച്ചു.
ഇന്ത്യൻ മഹാസമുദ്രം-ബംഗാൾ ഉൾക്കടൽ-പസഫിക് സമുദ്രമേഖലയിൽ ഇന്ത്യ നാവിക സേനാ സാന്നിദ്ധ്യം ശക്തമാക്കുകയാണ്. ക്വാഡ് സഖ്യത്തിലും ഇന്ത്യയ്ക്ക് വലിയ സ്വാധീനമാണ് സ്കോർപിയൻ അന്തർവാഹിനികൾ നൽകുന്നത്.
Comments