കൊല്ലം: ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. കോട്ടക്കൽ സ്വദേശി യൂസഫ് ആണ് അറസ്റ്റിലായത്. സംഭവത്തിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെ യൂസഫ് ഒളിവിൽ പോയിരുന്നു.
കഴിഞ്ഞ മാസം 22നായിരുന്നു സംഭവം. കടയ്ക്കലിൽവെച്ച് നടന്ന ഉപജില്ലാ കലോത്സവത്തിനിടയിൽ ഉച്ചഭക്ഷണം കഴിക്കാൻ ബസിൽ പോയപ്പോഴായിരുന്നു മറ്റൊരു സ്കൂളിലെ കുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇയാൾ സ്പർശിക്കുകയായിരുന്നു. ഉടനെ ഇക്കാര്യം കുട്ടി അദ്ധ്യാപകരോട് പറഞ്ഞു. തുടർന്ന് അദ്ധ്യാപകർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയിൽ കേസ് എടുത്തതിന് പിന്നാലെ യൂസഫ് ഒളിവിൽ പോയി. ഇതിനിടെ ഇയാൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനായി പോലീസിന് മുൻപിൽ ഹാജരാകാനും, അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ ജാമ്യത്തിൽ വിടാനും ഹൈക്കോടതി നിർദ്ദേശിച്ചു. ഇതേ തുടർന്നാണ് യൂസഫ് പോലീസ് സ്റ്റേഷനിൽ ഹാജരായത്.
ചടയമംഗലത്തെ സ്വകാര്യ സ്കൂളിലെ ഉറുദു അദ്ധ്യാപകനാണ് ഇയാൾ. ഇടത് പക്ഷ സംഘടനാ പ്രവർത്തകൻ കൂടിയാണ് യൂസഫ്.
Comments