ന്യൂഡൽഹി : ഷാരൂഖ് ഖാൻ-ദീപിക പദുക്കോൺ ചിത്രം പത്താനുമായി ബന്ധപ്പെട്ട് രാജ്യത്തെ പല സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാകുകയാണ്. ഇതിനു പിന്നാലെയാണ് പത്താൻ എന്ന ചിത്രത്തെ പിന്തുണച്ചെന്ന മട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് . ഇതിൽ ഞാൻ സത്യം പറയുന്നു, ഞാൻ സത്യമാണ് ചെയ്യുന്നത് എന്ന് പ്രധാനമന്ത്രി പറയുന്നത് കേൾക്കാം. ഇത് പത്താൻ എന്ന ചിത്രത്തെ പിന്തുണച്ചുവെന്ന അവകാശവാദത്തോടെയാണ് പ്രചരിപ്പിക്കുന്നത് .
എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ വീഡിയോ 2019 ഫെബ്രുവരി 23 ലേതാണ് . ഫെബ്രുവരി 14ലെ പുൽവാമ ആക്രമണത്തിന് ശേഷം പറഞ്ഞതിൽ ഉറച്ചുനിൽക്കാൻ അന്നത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വെല്ലുവിളിച്ച് നരേന്ദ്രമോദി നടത്തിയ പ്രസംഗമാണിത് .
‘ പാകിസ്താനിൽ പുതിയ സർക്കാർ രൂപീകരിച്ചതിന് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഞാൻ അഭിനന്ദിച്ചിരുന്നു. നമുക്ക് ഒരുമിച്ച് ദാരിദ്ര്യത്തിനെതിരെ പോരാടാം, നിരക്ഷരതക്കെതിരെ പോരാടാം, അവിശ്വാസത്തിനെതിരെ പോരാടാം എന്ന് ഞാൻ അവരോട് പറഞ്ഞു. ഇതിന് മറുപടിയായി ഇമ്രാൻ ഖാൻ ഞാൻ പത്താന്റെ കുട്ടിയാണെന്ന് പറഞ്ഞിരുന്നു. ഞാൻ സത്യം സംസാരിക്കുന്നു, ഞാൻ സത്യം ചെയ്യുന്നുവെന്നും പറഞ്ഞിരുന്നു . ഇന്ന് പാക് പ്രധാനമന്ത്രിയുടെ ഈ വാക്കുകൾ അദ്ദേഹം പാലിക്കുന്നുണ്ടോ ഇല്ലയോ എന്ന് അറിയേണ്ടതുണ്ട് ‘ രാജസ്ഥാനിലെ ടോങ്കിൽ നടന്ന ഒരു റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു .
ഈ വീഡിയോ 2019 ഫെബ്രുവരി 23-ന് എൻഡിടിവി ന്യൂസിന്റെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇതിൽ നിന്ന് ഞാൻ പത്താന്റെ കുട്ടിയാണെന്നും , ഞാൻ സത്യം പറയുന്നുവെന്നുമുള്ള ഭാഗങ്ങൾ കട്ട് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.
Comments