ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ വിവാദ പരാമർശം നടത്തിയ കേസിൽ കോൺഗ്രസ് നേതാവിന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളി. മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാജ പടേരിയയുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
കഴിഞ്ഞ ഡിസംബർ 11-നാണ് കോൺഗ്രസ് നേതാവ് വിവാദ പരാമർശം നടത്തിയത്. പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് അവസാനിപ്പിക്കുമെന്നും മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുമെന്നാണ് രാജ പടേരിയ പറഞ്ഞത്. നരേന്ദ്ര മോദിയുടെ ഭരണത്തിൽ ഏറ്റവും വലിയ ഭീഷണി നേരിടുന്നത് വനവാസി സമൂഹമാണെന്നും ഭരണഘടനയെ രക്ഷിക്കണമെങ്കിൽ മോദിയെ വധിക്കണമെന്നും നേതാവ് പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.
സംഭവം വിവാദമായതോടെ ‘ഹത്യ’ എന്ന വാക്ക് രൂപകമായി ഉപയോഗിച്ചതാണെന്നും മറ്റ് ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നില്ലെന്ന വാദവുമായി പടേരിയ രംഗത്തെത്തിയിരുന്നു. തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പടേരിയയെ കള്ളക്കേസിൽ കുടുക്കി കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ഡിഫൻസ് കൗൺസിലർ രാജീവ് ശർമ്മ കോടതിയിൽ പറഞ്ഞു. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ അപൂർണമാണെന്ന് വീഡിയോ പ്ലേ ചെയ്ത് അദ്ദേഹം വാദിച്ചു. ജസ്റ്റിസ് മഹേന്ദ്ര സോണിയുടെ അദ്ധ്യക്ഷതയിലുള്ള പ്രത്യേക കോടതി ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേൾക്കുകയും സർക്കാർ കൗൺസിലറുടെ വാദങ്ങൾ അംഗീകരിക്കുകയും ചെയ്തു.
ഭരണഘടന പദവി വഹിക്കുന്ന നേതാവിനെതിരെ നടത്തിയ പരാമർശം പൊതുജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് അസിസ്റ്റന്റ് ജില്ലാ പ്രോസിക്യൂഷൻ ഓഫീസർ അഭിഷേക് സുറൗത്തിയ പറഞ്ഞു. സർക്കാർ പ്രോസിക്യൂട്ടറുടെ വാദങ്ങൾ കേട്ട് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കളയുന്നതായും കോടതി അറിയിച്ചു.
Comments