ലണ്ടൻ: വിമാനത്തിന്റെ വീൽബേയിൽ നിന്നും മൃതദേഹം കണ്ടെടുത്തു. ഗാംബിയയിൽ നിന്നും ബ്രിട്ടണിലേക്ക് പോയ വിമാനത്തിന്റെ വീൽബേയിലാണ് അജ്ഞാതന്റെ മൃതദേഹം കണ്ടത്. ബ്രിട്ടീഷ് ചാർട്ടർ എയർലൈനായ ടൂയി എയർവേസ് (tui airways) വിമാനത്തിന്റെ വീൽബേയിലാണ് സംഭവം. ഗാംബിയയിലെ തലസ്ഥാന നഗരമായ ബഞ്ചുളിൽ നിന്നും ലണ്ടനിലെ ഗാട്ട് വിക്ക് എയർപോർട്ടിലേക്കാണ് വിമാനമെത്തിയതെന്ന് ഗാംബിയ സർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു.
ഡിസംബർ അഞ്ചിനായിരുന്നു വിമാനം ഗാംബിയയിൽ നിന്ന് പുറപ്പെട്ടത്. എന്നാൽ വീൽബേയിൽ മൃതദേഹം കിടന്നിരുന്ന വിവരം ഈയാഴ്ചയാണ് ബ്രിട്ടീഷ് പോലീസ് പുറത്തുവിട്ടത്. അജ്ഞാതനായ കറുത്തവർഗക്കാരന്റെ മൃതദേഹമാണ് ലഭിച്ചതെന്ന് മാത്രമാണ് വിവരം. മൃതദേഹത്തിൽ നിന്നും തിരിച്ചറിയൽ കാർഡോ മറ്റ് രേഖകളോ ലഭിച്ചിട്ടില്ല. അതിനാൽ മരിച്ചയാളുടെ പേര്, വയസ്, പൗരത്വം, യാത്രാ പശ്ചാത്തലം എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെന്നും ബ്രിട്ടീഷ് പോലീസ് അറിയിച്ചു. ഡിഎൻഎ പരിശോധന നടത്തുകയാണെന്നും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
Comments