ലക്നൗ : രാജ്യത്തെ ആദ്യ മുസ്ലീം വനിതാ യുദ്ധവിമാന പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കി മിർസാപൂർ സ്വദേശി സാനിയ മിർസ. യുപിയിൽ നിന്ന് യുദ്ധവിമാന പൈലറ്റാകുന്ന ആദ്യ പെൺകുട്ടിയും, യുദ്ധവിമാന പൈലറ്റായി തിരഞ്ഞെടുക്കപ്പെടുന്ന രാജ്യത്തെ രണ്ടാമത്തെ പെൺകുട്ടിയുമാണ് സാനിയ . എൻഡിഎ പരീക്ഷയിൽ 149-ാം റാങ്ക് നേടിയാണ് സാനിയ മിർസ ഫൈറ്റർ പൈലറ്റാകാൻ ഒരുങ്ങുന്നത്.
മിർസാപൂരിലെ ജസോൾ ഗ്രാമത്തിൽ താമസിക്കുന്ന ഷാഹിദ് അലിയുടെ മകളാണ് സാനിയ. ടിവി മെക്കാനിക്കാണ് ഷാഹിദ്. പണ്ഡിറ്റ് ചിന്താമണി ദുബെ ഇന്റർ കോളേജിലാണ് പ്രൈമറി മുതൽ 10 വരെയുള്ള വിദ്യാഭ്യാസം പൂർത്തിയാക്കിയത്
യുദ്ധവിമാന പൈലറ്റാകാനായിരുന്നു തനിക്ക് എപ്പോഴും ആഗ്രഹമെന്ന് സാനിയ പറഞ്ഞു. രാജ്യത്തെ ആദ്യത്തെ യുദ്ധവിമാന പൈലറ്റായി മാറിയ അവ്‌നി ചതുർവേദിയോട് സാനിയയ്‌ക്ക് വലിയ ഇഷ്ടമായിരുന്നു. അവ്നിയെ പോലെയാകാനും ആഗ്രഹിച്ചു. ആദ്യ തവണ സാനിയ പരീക്ഷയിൽ വിജയിച്ചില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ ശ്രമം തുടർന്നു. രണ്ടാം തവണ വിജയം കണ്ടു.
സിബിഎസ്‌ഇ, ഐഎസ്‌സി സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് മാത്രമേ എൻഡിഎയിൽ വിജയം ലഭിക്കൂ എന്നാണ് സാനിയ കരുതിയിരുന്നതെന്നും, ഇന്ന് ഹിന്ദി മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾക്കും എൻ.ഡി.എ പാസാനാകുമെന്ന് തന്റെ മകൾ കാണിച്ചു തന്നുവെന്ന് ഷാഹിദ് പറയുന്നു . ഡിസംബർ 27ന് പൂനെയിൽ സാനിയ ഡ്യൂട്ടിയ്‌ക്ക് ചേരും.
Comments