ന്യൂഡൽഹി: കൊറോണ പിടിയിൽ വലയുന്ന ചൈനയ്ക്ക് കൈത്താങ്ങുമായി ഇന്ത്യ. പനി പ്രതിരോധിക്കുന്ന മരുന്നുകൾ കയറ്റുമതി ചെയ്യാൻ തയ്യാറാണെന്ന് ഇന്ത്യൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ ചെയർപേഴ്സൺ ഡോ.വി.ജി.സോമാനി അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ മരുന്ന് നിർമ്മാതാക്കളായ ഇന്ത്യ, ചൈനയെ സഹായിക്കാൻ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ചൈനയിൽ മരുന്നുകൾക്ക് വൻ ക്ഷാമം നേരിടുന്നുവെന്ന
വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ദിവസം ചൈനയിൽ നിന്നും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആശുപത്രിയിൽ കൊറോണ രോഗികളെകൊണ്ട് പൂർണമായി നിറഞ്ഞിരിക്കുന്ന ദൃശ്യം ലോകത്തെ ആകമാനം ഭീതിയിലാക്കിയിരുന്നു. ചൈനയിലെ 60 ശതമാനത്തിലധികം പേരും അടുത്ത 90 ദിവസത്തിനുള്ളിൽ കൊറോണ രോഗബാധിതരാകുമെന്നും ദശലക്ഷക്കണക്കിനാളുകൾ മരണപ്പെടാനും സാദ്ധ്യതയുള്ളതായാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ആശുപത്രികളിൽ രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ മരുന്നിനും ഓക്സിജനും കടുത്ത ക്ഷാമം നേരിടുന്നതായി റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മരുന്ന് കയറ്റുമതി ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നത്. ചൈനയിലെ കോവിഡ് സാഹചര്യം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ലോകത്തിന്റെ ഫാർമസി എന്ന നിലയിൽ ലോകരാജ്യങ്ങൾക്ക് മരുന്നെത്തിക്കാൻ സുസജ്ജമാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കിയിരുന്നു.
Comments