ന്യൂഡൽഹി : വരും തലമുറ ഇന്ത്യൻ സംസ്കാരത്തെക്കുറിച്ച് മനസിലാക്കണമെന്ന ഉദ്ദേശ്യത്തോടെ സിലബസ് പരിഷ്ക്കരിക്കാൻ കേന്ദ്രസർക്കാർ . ശ്രീമദ് ഭഗവദ് ഗീതയിൽ നിന്നുള്ള ശ്ലോകങ്ങളും അവലംബങ്ങളും എൻസിഇആർടി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തും. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണാ ദേവിയാണ് ലോക്സഭയിൽ ഇക്കാര്യം അറിയിച്ചത്.
വിദ്യാർത്ഥികൾ ഇന്ത്യൻ സംസ്‌കാരത്തെക്കുറിച്ച് പഠിക്കണമെന്നാണ് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നത്. ഇത് കണക്കിലെടുത്താണ് പുതിയ തീരുമാനം. വേദങ്ങളിലെ അറിവും ശ്രീമദ് ഭഗവദ് ഗീതയെക്കുറിച്ചുള്ള പരാമർശങ്ങളും എൻസിഇആർടിയുടെ ആറ്, ഏഴ് ക്ലാസുകളിലെ പുസ്തകങ്ങളിൽ ഉൾപ്പെടുത്താനാണ് തീരുമാനം – അന്നപൂർണാ ദേവി പറഞ്ഞു. 11, 12 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ സംസ്‌കൃതത്തിലുള്ള ശ്ലോകങ്ങൾ ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട് .
വിവിധ മന്ത്രാലയങ്ങൾ, സംസ്ഥാനങ്ങൾ, വകുപ്പുകൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയിൽ നിന്ന് ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ശ്രീമദ് ഭഗവദ്ഗീത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്ന് അന്നപൂർണാദേവി പറഞ്ഞു. ഇതിനായി എൻസിഇആർടിയും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനത്തോടെ കുട്ടികൾക്ക് ഇന്ത്യൻ സംസ്‌കാരത്തെക്കുറിച്ച് പഠിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം പാഠപുസ്തകങ്ങളിൽ ശ്രീമദ് ഭഗവദ് ഗീത പഠിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ കോൺഗ്രസും സിപിഎമ്മും വിമർശിച്ചു. സിലബസിൽ ശ്രീമദ് ഭഗവദ്ഗീത ഉൾപ്പെടുത്തിയാൽ മറ്റ് മതഗ്രന്ഥങ്ങളും പരിഗണിക്കണമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത് .
Comments