ചെന്നൈ : തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) സർക്കാർ ക്രിസ്തുമതത്തെ എന്നും പ്രോത്സാഹിപ്പിക്കാറുണ്ട് . പാർട്ടിയും പല അവസരങ്ങളിലും ഇക്കാര്യം തെളിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ കഴിഞ്ഞ ദിവസം താനും ഭാര്യയും ക്രിസ്ത്യാനികളാണെന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ചിരുന്നു . അടുത്തിടെ സംസ്ഥാന യുവജനക്ഷേമ കായിക വികസന മന്ത്രിയായി ഉദയനിധി നിയമിതനായിരുന്നു .
ചെന്നൈയിൽ നടന്ന ഒരു ക്രിസ്മസ് ചടങ്ങിലാണ് ഉദയനിധി , താൻ ക്രിസ്ത്യാനിയായതിൽ അഭിമാനിക്കുന്നുവെന്ന് പറഞ്ഞത് . ‘ ഞാൻ ഇവിടെ എഗ്മോറിലെ ഡോൺ ബോസ്‌കോ സ്‌കൂളിലാണ് പഠിച്ചത്. ലയോള കോളേജിൽ നിന്നാണ് ഞാൻ ബിരുദം നേടിയത്. ഞാൻ ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, ഈ ക്രിസ്മസ് പ്രോഗ്രാമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്. ക്രിസ്ത്യാനിയാണെന്ന് പറയുന്നതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു ‘ ഉദയനിധി പറഞ്ഞു.
ഗണപതിയുടെ വിഗ്രഹം പിടിച്ചിരിക്കുന്ന മകളുടെ ചിത്രം ഉദയനിധി മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. വിഗ്രഹം പിടിച്ച് ഫോട്ടോ എടുക്കണമെന്നത് തന്റെ മകളുടെ ആഗ്രഹമായിരുന്നുവെന്നാണ് അന്ന് ഉദയനിധി വ്യക്തമാക്കിയത് . ഡിഎംകെ സർക്കാർ ക്രിസ്ത്യാനികൾക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments