ആലപ്പുഴ: നാഗ്പൂരിൽ മരിച്ച കേരള ജൂനിയർ സൈക്കിൾ പോളോ താരം നിദാ ഫാത്തിമയുടെ സംസ്കാരം ഇന്ന്. മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. നിദ പഠിച്ചിരുന്ന നീർക്കുന്നം സ്കൂളിലെ പൊതുദർശനത്തിന് ശേഷമാകും വീട്ടിലേക്ക് കൊണ്ടുപോകുക. അമ്പലപ്പുഴ കാക്കാഴം ജുമാമസ്ജിദിലാണ് സംസ്കാരം.
പിതാവ് ഷിഹാബുദ്ദീനാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ജനപ്രതിനിധികളും വിമാനത്താവളത്തിലെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആലപ്പുഴ സ്വദേശിയായ പത്ത് വയസുകാരി നിദ ഫാത്തിമ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ മരണമടയുന്നത്. ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ സ്ഥിതി വഷളാകുകയും മരണപ്പെടുകയുമായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. നിദയുടെ രക്ത സാമ്പിളുകൾ മൂന്നു ലാബുകളിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭക്ഷ്യ വിഷബാധയല്ലെന്നാണ് ടീം അധികൃതർ നൽകുന്ന വിവരം.
ആശുപത്രിക്കെതിരെ കുടുംബം നൽകിയ പരാതിയിൽ കൃത്യമായ അന്വേഷണം ഉണ്ടാകും. സംസ്ഥാന സർക്കാരും മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഇന്ത്യൻ ഒളിംപിക്
അസോസിയേഷൻ ദേശീയ സൈക്കിൾ ഫെഡറേഷനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്.
സൈക്കിൾ പോളോ കേരളാ അണ്ടർ 14 ടീമിലെ അംഗമാണ് നിദ. കോടതി ഉത്തരവോടെ മത്സരത്തിന് എത്തിയ നിദയ്ക്കും സംഘത്തിനും മത്സരിക്കാൻ മാത്രം അനുവാദം നൽകുകയും താമസ സൗകര്യം ഉൾപ്പടെ ഫെഡറേഷൻ നിഷേധിക്കുകയുമായിരുന്നു. തുടർന്ന് താമസത്തിനായി താത്കാലികമായ ഇടം കണ്ടെത്തി.കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകുകയും ചെയ്തു.ഇതിന് പിന്നാലെ പിറ്റേന്ന് പുലർച്ചയോടെയാണ് ഛർദ്ദിയെ തുടർന്ന് നിദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .പിന്നീട് നിദയുടെ നില ഗുരുതരമാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
Comments