ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 201 കൊറോണ കേസുകൾ മാത്രമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ ആകെ സജീവ രോഗികൾ 3,397 ആണെന്നും സർക്കാർ വ്യക്തമാക്കി. ആകെ കേസുകളുടെ 0.01 ശതമാനമാണ് ഇത്.
നിലവിലെ രോഗമുക്തി നിരക്ക് 98.8 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 183 പേരാണ് രോഗമുക്തി നേടിയത്. ആകെ രോഗമുക്തരായവരുടെ എണ്ണം 4,41,42,791 ആണ്.
രാജ്യത്തെ പ്രതിദിന രോഗബാധാ നിരക്ക് 0.15 ശതമാനമാണ്. പ്രതിവാര രോഗബാധ നിരക്ക് 0.14 ശതമാനവും.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,044 ഡോസ് കോവിഡ് വാക്സിനുകളാണ് വിതരണം ചെയ്തത്. രാജ്യത്ത് ഇതുവരെ 220.04 കോടി വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തു കഴിഞ്ഞതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.
അതേസമയം ചൈനയിൽ അതിതീവ്ര വ്യാപന ശേഷിയുള്ള പുതിയ കൊറോണ ഉപവകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ രാജ്യത്തും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം, സാമൂഹിക അകലം പാലിക്കണം. മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്ന കാര്യത്തിൽ ഉപേക്ഷ വിചാരിക്കരുത്. സുരക്ഷിതമായ അവസ്ഥയിൽ നിന്നും, അശ്രദ്ധയിലൂടെ ദുരന്തം വരുത്തി വെക്കരുതെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
Comments