ഷില്ലോംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, മേഘാലയയുടെ പരമ്പരാഗത വസ്ത്രമായ ഖാസിയെയും അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് തൃണമൂൽ കോൺഗ്രസ് നേതാവ്. മുതിർന്ന നേതാവ് കീർത്തി ആസാദ് ആണ് മാപ്പു പറഞ്ഞത്. തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്ന് ആസാദ് ട്വീറ്റ് ചെയ്തു.
‘ഞാൻ അടുത്തിടെ നടത്തിയ ട്വീറ്റ് വളച്ചൊടിച്ചു. തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ അവരോട് മാപ്പ് ചോദിക്കുന്നു. നാനാതരത്തിലുള്ള നമ്മുടെ സംസ്‌കാരങ്ങളെ ഞാൻ ബഹുമാനിക്കുന്നു. യാതൊരു ദുരുദ്ദേശത്തോടെയോ, ആരെയെങ്കിലും വേദനിപ്പിക്കുന്നതിന് വേണ്ടിയോ അല്ല ട്വീറ്റ് ചെയ്തത്. എപ്പോഴും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണ് ഞാൻ’ – കീർത്തി ആസാദ് ട്വിറ്ററിൽ കുറിച്ചു.
ഈ മാസം 18 ന് ഷില്ലോംഗിൽ നടന്ന പരിപാടിയിൽ മേഘാലയയുടെ പരമ്പരാഗത വസ്ത്രങ്ങളിൽ ഒന്നായ ഖാസിയാണ് പ്രധാനമന്ത്രി ധരിച്ചിരുന്നത്. ഇതിനെയാണ് ആസാദ് സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ചത്. മോദിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ചിലർ ഇത് സ്ത്രീകളുടെ വസ്ത്രമാണ് എന്നും, ഓൺലൈൻ ആയി വാങ്ങിയതാണെന്നുമുള്ള തരത്തിൽ പ്രചരിപ്പിച്ചിരുന്നു. ഇതിന് തെളിവെന്നോണം മോദി ധരിച്ച അതേ വസ്ത്രം മറ്റൊരു സ്ത്രീ ധരിച്ചിരിക്കുന്നതായി മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കുകയും ചെയ്തിരുന്നു. ഇത് കണ്ട് ആസാദും സമാന പരാമർശം നടത്തുകയായിരുന്നു.
എന്നാൽ സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നു. ആസാദിന്റെ പരാമർശത്തെ അപലപിച്ച് അസം, മേഘാലയ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് കിർട്ടി ആസാദ് മാപ്പ് പറഞ്ഞത്.
Comments