ലണ്ടൻ: ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിന്റെ ഫൈനൽ വീണ്ടും നടത്താൻ ആവശ്യപ്പെട്ട് ഒരു കൂട്ടം ആരാധകർ. ഫ്രഞ്ച് ആരാധകരാണ് അർജന്റീന- ഫ്രാൻസ് മത്സരം വീണ്ടും നടത്തണമെന്ന ഹർജിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഏകദേശം രണ്ടുലക്ഷത്തോളം പേരാണ് ഭീമൻ ഹർജിയിൽ ഒപ്പിട്ട് കഴിഞ്ഞിരിക്കുന്നത്.
ഫ്രാൻസ് ഫോർ എവർ എന്ന ആരാധകക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ഒപ്പു ശേഖരം തകൃതിയായി തുടരുന്നുണ്ടെന്നാണ് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ”ഈ മത്സരം ഒരിക്കലും പെനാൽറ്റിയിലേക്ക് പോകില്ലായിരുന്നുവെന്നും അർജന്റീനയുടെ രണ്ടാം ഗോളിന് കൈലിയൻ എംബാപ്പെയെ ഫൗൾ ചെയ്യുകയും ചെയ്തുവെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.
എക്‌സ്ട്രാ ടൈമിലെ മെസിയുടെ ഗോളിനെ ചുറ്റിപ്പറ്റിയും വിവാദം തുടരുന്നുണ്ട്. വാർ പരിശോധനയിൽ ഓഫ് സൈഡല്ലെന്ന് വ്യക്തമായെങ്കിലും മെസിയുടെ ഗോൾ അനുവദിക്കരുതെന്നാണ് ചിലർ വാദിക്കുന്നത്. മെസി ഷോട്ട് എടുക്കുമ്പോൾ തന്നെ കുറച്ച് അർജന്റീന താരങ്ങൾ സൈഡ് ലൈൻ കടന്ന് ഗ്രൗണ്ടിലേക്ക് കയറിയെന്നാണ് ഫ്രാൻസ് ആരാധകർ ആരോപിക്കുന്നത്. ഗോൾ നേടുമ്പോൾ മൈതാനത്ത് അധികമായി ഒരാൾ ഉണ്ടായിരുന്നുവെന്ന് ഒരു ഗോൾ വീണതിന് ശേഷം കളി പുനരാരംഭിക്കുന്നതിന് മുമ്പായി റഫറി മനസിലാക്കിയാൽ ആ ഗോൾ അനുവദിക്കരുതെന്നുള്ള ഫിഫ നിയമമാണ് മെസിയുടെ ഗോളിനെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്.
Comments