പാലക്കാട്: സിക്കിമിൽ ട്രക്ക് മറിഞ്ഞ് വീരമൃത്യുവരിച്ച പാലക്കാട് ചെങ്ങണിയൂർകാവ് സ്വദേശിയായ സൈനികൻ വൈശാഖിന്റെ മൃതദേഹം ഇന്ന് ജന്മനാടായ പാലക്കാട് മാത്തൂരിലെത്തിക്കും. കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം റോഡ് മാർഗമാണ് വീട്ടിൽ കൊണ്ടുവരിക. പോസ്റ്റ് മാർട്ടം ഉൾപ്പടെയുള്ള നടപടികൾ ഗാങ്ടോക്കിൽ വെച്ച് പൂർത്തിയായതായാണ് വിവരം. മൃതദേഹം വൈകീട്ടാണ് എത്തിക്കുന്നതെങ്കിൽ സംസ്കാരം തിങ്കളാഴ്ചയേ ഉണ്ടാകൂ എന്ന് ബന്ധുക്കൾ അറിയിച്ചു.
ചെങ്ങണിയൂർക്കാവ് സ്വദേശി സഹദേവന്റെ മകനാണ് വൈശാഖ്. 8 വർഷമായി സൈന്യത്തിന്റെ ഭാഗമായിട്ട്. മൂന്ന് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരും 13 സൈനികരും ഉൾപ്പെടെ 16 പേരാണ് അപകടത്തിൽ വീരമൃത്യു വരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. ലാച്ചനിൽ നിന്നും 15 കിലോമീറ്റർ അകലെയുള്ള സെമ 3 യിലായിരുന്നു അപകടം. ഇരുപത് സൈനികർ സഞ്ചരിച്ച ട്രക്ക് വളവ് തിരിയുന്നതിനിടെ റോഡിൽ നിന്ന് മലയിടുക്കിലേക്ക് പതിക്കുകയായിരുന്നു. ചാറ്റൻ മേഖലയിൽ നിന്ന് തംഗുവിലേക്ക് പോയ മൂന്ന് വാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്
Comments