അട്ടപ്പാടി: ഉന്തിയ പല്ല് ‘അയോഗ്യത’യായതോടെ അട്ടപ്പാടിയിലെ ഗോത്രവർഗ യുവാവിന് നഷ്ടപ്പെട്ടത് സർക്കാർ ജോലി. പുതൂർ പഞ്ചായത്തിലെ ആനവായ് ഊരിലെ വെള്ളിയുടെ മകൻ മുത്തുവിനാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോലി, പല്ലിന്റെ തകരാർ മൂലം നഷ്ടപ്പെട്ടത്.
തസ്തികയിലേക്കുള്ള പി.എസ്.സിയുടെ സ്പെഷൽ റിക്രൂട്ട്മെന്റ് എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷയും കഴിഞ്ഞതിന് ശേഷമാണ് മുത്തു, മുഖാമുഖത്തിനായി ചെന്നത്. ഇതിന് മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടർ സർട്ടിഫിക്കറ്റിൽ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. ഇത് മൂലമാണ് ജോലി നഷ്ടമായതെന്നാണ് വിവരം.
അതേസമയം ചില പ്രത്യേക തസ്തികകളിലേക്കുള്ള യോഗ്യതകളും അയോഗ്യതകളും സ്പെഷൽ റൂളിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പി.എസ്.സിയുടെ വിശദീകരണം. ഇതു കണ്ടെത്തിയാൽ ഉദ്യോഗാർഥിയെ അയോഗ്യനാക്കും. ഉന്തിയ പല്ല്, കോമ്പല്ല് (മുൻപല്ല്) ഉൾപ്പെടെയുള്ളവ അയോഗ്യതയ്ക്കുള്ള ഘടകങ്ങളാണെന്നും പി.എസ്.സി അധികൃതർ വ്യക്തമാക്കി.
കുട്ടിയായിരിക്കുമ്പോൾ സംഭവിച്ച അപകടത്തിലാണ് മുത്തുവിന്റെ പല്ലിന് തകരാർ ഉണ്ടായത്. 18,000 രൂപ ചിലവ് വരുന്ന ശസ്ത്രക്രിയയിലൂടെ തകരാർ പരിഹരിക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഊരിലെ അസൗകര്യങ്ങളും ദാരിദ്രവും കാരണമാണ് പല്ലിന്റെ തകരാറ് ചികിത്സിച്ച് ഭേദമാക്കാൻ കഴിയാതിരുന്നതെന്ന് മുത്തുവിന്റെ മാതാപിതാക്കൾ പറയുന്നു.
Comments