പാലക്കാട്: സിക്കിമിൽ കഴിഞ്ഞ ദിവസം സൈനിക ട്രക്ക് അപകടത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ വൈശാഖിന്റെ ഭൗതികദേഹം ജൻമനാടായ പാലക്കാട് എത്തിച്ചു. കോയമ്പത്തൂരിൽ നിന്നും റോഡ് മാർഗം എത്തിച്ച ഭൗതികദേഹം വാളയാറിൽ മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.
ഷാഫി പറമ്പിൽ എം.എൽ.എ, ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. ശനിയാഴ്‌ച്ച രാവിലെയോടെ ഭൗതികശരീരം ഹെലികോപ്റ്ററിൽ ഗാങ്‌ടോക്കിലേക്ക് എത്തിച്ചിരുന്നു. അവിടെ നിന്നും പോസ്റ്റ്‌മോർട്ടത്തിനും എംബാമിങ്ങിനും ശേഷമാണ് വൈകിട്ട് ആറ് മണിയോടെ കോയമ്പത്തൂരിലേക്ക് എത്തിച്ചത്. ഇവിടെ നിന്ന് സൈനിക അകമ്പടിയോടെയാണ് ഭൗതികദേഹം പാലക്കാട് എത്തിച്ചത്.
രാത്രി 9.30 ഓടെ ഭൗതിക ശരീരം മാത്തൂർ ചെങ്ങണിയൂർകാവിലെ വൈശാഖിന്റെ വീട്ടിലെത്തിച്ചു. മാത്തൂർ വരെയുള്ള പാതയോരങ്ങളിൽ റോഡിനിരുവശവും നിരവധി പേർ വൈശാഖിന് ആദരാഞ്ജലി അർപ്പിക്കാനായി കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
രാവിലെ എട്ട് മണിയോടെ ഭൗതികശരീരം മാത്തൂർ ചുങ്കമന്ദം യുപി സ്‌കൂളിൽ പൊതുദർശനത്തിന് വെക്കും. രണ്ട് മണിക്കൂർ പൊതുദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മാശനത്തിൽ സംസ്‌കരിക്കും.
കഴിഞ്ഞ ദിവസമാണ് സിക്കിമിൽ അതിർത്തി പോസ്റ്റിലേക്ക് പോകുന്നതിനിടെ സൈനിക ട്രക്ക് നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് മറിഞ്ഞ് വൈശാഖ് ഉൾപ്പെടെയുളളവർ വീരമൃത്യു വരിച്ചത്. മൂന്ന് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരും 13 സൈനികർക്കും അപകടത്തിൽ ജീവൻ നഷ്ടമായിരുന്നു.
Comments