കാബൂൾ: താലിബാൻ സ്ത്രീകൾക്കുനേരെ നടത്തുന്ന അതിക്രമങ്ങളും വിലക്കും വർദ്ധിച്ചതോടെ മൂന്ന് സുപ്രധാന സന്നദ്ധ സംഘടനകൾ അഫ്ഗാനിലെ പ്രവർത്തനം അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്ക് വീണതിന് പിന്നാലെ സന്നദ്ധ സംഘടനകളിൽ സ്ത്രീകൾ ജോലിചെയ്യുന്നതിനെതിരെയും താലിബാൻ ഫത്വ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനകളും തീരുമാനം അറിയിച്ചത്.
താലിബാന്റെ സ്ത്രീ വിരുദ്ധ നയങ്ങളെല്ലാം അത്യന്തം വിചിത്രവും ക്രൂരവുമാണ്. യാതൊരു വ്യക്തതയുമില്ലാത്ത നിലപാടാണ് താലിബാൻ സ്വീകരിക്കുന്നത്. തങ്ങളാവശ്യപ്പെടുന്നത് പുരുഷനും സ്ത്രീയ്ക്കും തുല്യാവകാശം എല്ലാ രംഗത്തും വേണമെന്നതാണ്. ഇത് താലിബാൻ അംഗീകരിക്കുന്നില്ല. ഇത് തീർത്തും പ്രതിഷേധാർഹമാണെന്നും കെയർ, എൻആർസി, സേവ് ദ ചിൽഡ്രൻ എന്നീ മൂന്ന് സന്നദ്ധ സംഘടനകളും പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് താലിബാനിലെ ഓരോ കുടുംബവും. സ്ത്രീകൾ കൂടി ജോലിചെയ്യാതിരിക്കുന്നതോടെ ജനങ്ങൾ നിത്യദുരിതത്തിലേക്കാണ് വീഴുക. പല സന്നദ്ധ പ്രവർത്തകരും സ്ത്രീകളാണ്. അവർ പ്രവർത്തിക്കാതെ വന്നാൽ ജീവൻ രക്ഷാ മേഖലയിലും അത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടി.
Comments