കോഴിക്കോട്: പീഡനത്തിനിരയായതായി വിദേശവനിതയുടെ പരാതി. കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് പീഡനത്തിനിരയായെന്നാണ് യുവതിയുടെ പരാതി.കൊറിയൻ സ്വദേശിനിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ കോഴിക്കോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വൈദ്യപരിശോധനയിൽ പീഡനത്തിനിരയായതായി സ്ഥിരീകരിക്കപ്പെട്ടതോടെയാണ് കേസെടുത്തത്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ദ്വിഭാഷിയുടെ സഹായത്തോടെ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. എന്നാൽ ആര്, എവിടെ വച്ച് പീഡിപ്പിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല. വിമാനത്താവളത്തിൽ വച്ച് പീഡനത്തിനിരയായി എന്ന് മാത്രമാണ് കൊറിയൻ യുവതി മൊഴി നൽകിയിരിക്കുന്നത്. രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിലേക്ക് നീങ്ങാനാണ് പോലീസിന്റെ തീരുമാനം.
മതിയായ രേഖകളില്ലാതെ യാത്ര ചെയ്തതിന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞ ദിവസമാണ് കൊറിയൻ സ്വദേശിനിയെ സിഐഎസ്എഫ് സംഘം പിടികൂടിയത്. തുടർന്ന് കോഴിക്കോട് നഗരത്തിൽ താമസിച്ചുവരികയായിരുന്ന ഇവരെ ടൗൺ പോലീസിന് കൈമാറുകയായിരുന്നു. പിന്നാലെ വൈദ്യപരിശോധനയ്‌ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇവിടെ വച്ചാണ് യുവതി പീഡനവിവരം ഡോക്ടറോട് പറഞ്ഞത്.
Comments