തിരുവനന്തപുരം: പല്ല് ഉന്തി നിൽക്കുന്നതിന്റെ പേരിൽ വനവാസി യുവാവിന് സർക്കാർ ജോലി നിഷേധിച്ച സംഭവത്തിൽ എസ്സി എസ്ടി കമ്മീഷൻ കേസെടുത്തു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഇടപെടൽ. വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, പിഎസ്സി സെക്രട്ടറി എന്നിവർ ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് എസ്സി എസ്ടി കമ്മീഷന്റെ നിർദ്ദേശം.
ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ ജോലിയാണ് നിരതെറ്റിയ പല്ലിന്റെ പേരിൽ ആനവായി ഊരിലെ മുത്തുവിന് നിഷേധിച്ചത്. സെപ്തംബറിലാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ ഒഴിവിലേക്ക് പരീക്ഷ നടത്തിയത്. എഴുത്ത് പരീക്ഷയും കായിക ക്ഷമതാ പരീക്ഷയും മുത്തു വിജയിച്ചിരുന്നു. എന്നാൽ ശാരീരിക ക്ഷമത പരിശോധിച്ച ഡോക്ടർ ഉന്തിയ പല്ല് സർട്ടിഫിക്കറ്റിൽ എടുത്തെഴുതിയതാണ് മുത്തുവിന് വിനയായത്.
നിര തെറ്റിയ പല്ലുകൾ അയോഗ്യതയാണെന്ന് വിജ്ഞാപനത്തിൽ ഉണ്ടെന്നാണ് പിഎസ്സി പറയുന്ന വിശദീകരണം.ചെറുപ്പത്തിലുണ്ടായ വീഴ്ചയിലാണ് മുത്തുവിന്റെ പല്ലിന് തകരാർ സംഭവിച്ചത്. ആവശ്യത്തിന് പണമില്ലാത്തതിനാൽ തുടർ ചികിത്സ നടത്താനായില്ലെന്നുമാണ് മുത്തു പറയുന്നത്.
Comments