നെടുങ്കണ്ടം: ബസ് യാത്രയ്ക്കിടെ റോഡിലേക്ക് നീണ്ടുനിന്ന മരക്കൊമ്പ് മുഖത്തടിച്ച് യുവതിയുടെ കാഴ്ച ഭാഗികമായി നഷ്ടമായി. നെടുങ്കണ്ടം കല്ലാർ മാനിക്കാട്ട് ലിബിന്റെ ഭാര്യ നിഷയ്ക്കാണ് ദുരനുഭവം. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ് 31കാരിയായ നിഷ. കഴിഞ്ഞ 13ാം തിയതി ജോലിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
കല്ലാറ്റിൽ നിന്ന് കട്ടപ്പനയിലേക്കുള്ള വഴിയിൽ എഴുകുംവയലിന് സമീപമാണ് സംഭവം. നിഷ സഞ്ചരിച്ച ബസ് മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിൽ നീണ്ടുനിന്ന മരക്കൊമ്പ് കണ്ണിൽ അടിക്കുകയായിരുന്നു. ഉടനെ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തേനിയിലെ ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ നിന്ന് പിന്നീട് മധുരയിലെ കണ്ണാശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിൽ വലതു കണ്ണിന്റെ കാഴ്ച 80 ശതമാനവും ഇടതു കണ്ണിന്റെ കാഴ്ച 20 ശതമാനവും നഷ്ടമായതായി കണ്ടെത്തി. കണ്ണിലെ ഞരമ്പുകൾക്ക് പരിക്കേറ്റതാണ് സ്ഥിതി ഗുരുതരമാക്കിയത്. സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ നെടുങ്കണ്ടം പോലീസിൽ നിഷ പരാതി നൽകി.
Comments