പാലക്കാട്: നഗ്നനായി എത്തി മോഷണം നടത്തുന്ന പിടികിട്ടാപ്പുള്ളി പോലീസ് പിടിയിൽ. ചെമ്പലോട് സ്വദേശി മോഹനനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാൾ.
മാസങ്ങളായി പാലക്കാട് നഗരം കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ മോഷണം പതിവാണ്. ഇതോടെ പോലീസിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. രാത്രി നഗ്നനായി എത്തി വീടുകളിലെ കാറിൽ സൂക്ഷിച്ചിട്ടുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കും. ജനലിലൂടെയും മോഷണം നടത്തിയശേഷം സ്ത്രീകളുടെ വസ്ത്രങ്ങൾ കൊണ്ടുപോകുന്നതും ഇയാളുടെ രീതിയാണ്.
പിടിക്കപ്പെടാതിരിക്കാൻ ശരീരത്തിൽ നല്ലെണ്ണ തേച്ചാണ് മോഷണത്തിനിറങ്ങുന്നത്. കഴിഞ്ഞയാഴ്ച മണപ്പുള്ളിക്കാവ്, ചന്ദ്രനഗർ ഭാഗങ്ങളിൽ മോഷ്ടാവ് എത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് കൂടുതൽ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നിരവധി മോഷണക്കേസുകളിൽ പ്രതി ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. വീണ്ടും മോഷണം നടത്താനുള്ള തയ്യാറെടുപ്പിനിടെയാണ് പോലീസ് പ്രതിയെ പിടികൂടുന്നത്.
Comments