തൃശ്ശൂർ: പേരാമംഗലത്ത് പരിക്കുകളോടെ വഴിയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. പുറ്റേക്കര സ്വദേശി വലിയപുരക്കൽ അരുൺകുമാർ ആണ് മരിച്ചത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പേരാമംഗലം പോലീസ് കേസെടുത്തു.
പുറ്റേക്കര സ്കൂളിന് സമീപത്തെ ഇടവഴിയിൽ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അരുൺകുമാറിനെ കണ്ടെത്തിയത്. മുഖത്തും തലയ്ക്കും ഗുരുതര പരിക്കേറ്റിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു മരണം സംഭവിച്ചത്.
അപകടം നടന്ന സമയത്ത് വഴിയിലൂടെ വാഹനങ്ങൾ വരാൻ സാധ്യതയില്ലെന്ന് നാട്ടുകാർ പറയുന്നു . അക്കാരണത്താൽ തന്നെ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.
സംഭവസ്ഥലത്ത് സിസിടിവി സംവിധാങ്ങൾ ഇല്ല. ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ ശാസ്ത്രീയ അന്വേഷണം അനിവാര്യമാണ്. അരുണിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിന് ശേഷമേ മരണം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.
Comments