ബീജിംഗ്: ജനങ്ങളെ ഭൂമിശാസ്ത്രപരമായും വംശീയമായും തിരിക്കുന്ന ചൈനയുടെ ഗൂഢതന്ത്രങ്ങൾക്കെതിരെ ആഗോള പ്രതിഷേധം വ്യാപിക്കുന്നു. വിവിധ പ്രവിശ്യകളിലെ ജനങ്ങളെ തരംതിരിച്ച് പ്രത്യേകം രക്തസാമ്പിളുകളെടുത്ത് സൂക്ഷിക്കുന്ന ചൈനയുടെ ഗൂഢ തന്ത്രങ്ങൾക്കെതിരെയാണ് മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്. രണ്ടു തരത്തിൽ ജനസംഖ്യാ കണക്കെടുപ്പും ഡിഎൻഎ പരിശോധനയും ചൈന നടത്തിക്കൊണ്ടി രിക്കുന്നുവെന്നാണ് റിപ്പോർട്ട്. ടിബറ്റ് പൗരന്മാർ, സിൻജിയാംഗ് മേഖലയിലെ ഉയിഗുറുകൾ, തുർക്ക്‌മേനിസ്താനികൾ എന്നിങ്ങനെ പ്രത്യേകം തിരിച്ചാണ് ചൈനയുടെ ഡിഎൻഎ വിവര ശേഖരണമെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.
ആദ്യഘട്ടത്തിൽ ഖ്വിൻഹായ് പ്രവിശ്യയിൽ ജനങ്ങളുടെ കണ്ണുകൾ സ്‌കാൻ ചെയ്ത് രേഖയാക്കി സൂക്ഷിക്കുക എന്ന നടപടി പൂർത്തിയായെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ടിബറ്റൻ ജനങ്ങളുടെ രക്തസാമ്പിളുകൾ ശേഖരിച്ചിരിക്കുന്നത്. ഏത് രാജ്യത്തും രക്തസാമ്പിളുകൾ എടുക്കുന്നത് സാധാരണമാണ് എന്ന വിശദീകരണമാണ് ചൈനീസ് ആരോഗ്യവകുപ്പ് നൽകുന്നത്. എന്നാൽ പ്രവിശ്യതിരിച്ച് ചൈനക്കാരല്ലാത്തവരെ കണ്ടെത്തലാണ് ലക്ഷ്യം. കൃത്യമായി വേർതിരിച്ചുള്ള എല്ലാ വിവര ശേഖരണവും വംശീയമായ ഉന്മൂലനത്തിനുള്ള തന്ത്രമാണെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.
ചൈനയിലെ വംശീയ അടിമത്തം നിലനിൽക്കുന്ന പ്രദേശത്തെ സർവേകൾ വിവിധ സ്ഥാപനങ്ങളാണ് നടത്തിയത്. പൗരന്മാർക്ക് വിവരങ്ങൾ നൽകാതെ മറച്ചുവെച്ച് ജനങ്ങളെ വഞ്ചിച്ചവരാണ് അവരെല്ലാം. ബീജിംഗ് ഭരണകൂടത്തിന്റെ തന്ത്രങ്ങളാണ് സൈന്യം നിയന്ത്രിക്കുന്ന നിരവധി കമ്പനികളിലൂടെ നടക്കുന്നത്. അത്തരം കമ്പനികളേയും സ്ഥാപനങ്ങളേയും ആഗോള തലത്തിൽ ബഹിഷ്‌ക്കരിക്കണമെന്ന് പതിനഞ്ച് രാജ്യങ്ങളിലെ പ്രതിനിധികളടങ്ങുന്ന സംഘം ആവശ്യപ്പെട്ടിരിക്കുകയാണ്. ചൈനയ്‌ക്കെതിരായ അന്താരാഷ്‌ട്ര പാർലമെന്ററി അംഗങ്ങളുടെ കൂട്ടായ്മ എന്ന പേരിലുള്ള ഐപാകാണ് തെളിവ് സഹിതം ആരോപണങ്ങൾ നിരത്തുന്നത്.
Comments