കാബൂൾ : താലിബാൻ അടച്ചുപൂട്ടിക്കുന്നത് 35 സ്വകാര്യ സർവകലാശാലകളെയെന്ന് റിപ്പോർട്ട്. അഫ്ഗാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മരണമണി മുഴക്കുന്നത് സ്ത്രീകൾ ക്കെതിരായ നിയമങ്ങളാണ്. പെൺകുട്ടികളുടെ പരസ്യമായ വിദ്യാഭ്യാസത്തിനും പൊതു സ്ഥലത്തെ ഒത്തുകൂടലിനും ഒറ്റയ്‌ക്കുള്ള യാത്രകൾക്കും വിലക്കും വന്നതോടെ അത് ബാധിച്ചത് സർവകലാശാലകളെയാണ്. പണം മുടക്കി പഠിക്കുന്നവരെല്ലാം പെൺകുട്ടി കളാണെന്നതും പ്രശ്നത്തിന്റെ രൂക്ഷത വർദ്ധിപ്പിച്ചിരിക്കുകയാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ വിദ്യാലയങ്ങളും കോളേജുകളും പെൺകുട്ടി കളുടെ വിദ്യാഭ്യാസ നിരോധനത്തോടെ അടച്ചുപൂട്ടുകയാണ്. പെൺകുട്ടികൾ ധാരാളമായി വിദ്യാഭ്യാസം നേടിക്കൊണ്ടിരുന്ന സർവകലാശാലകളാണ് ഒരുതരത്തിലും മുന്നോട്ട് പോകാനാകാത്ത വിധം പ്രതിസന്ധിയിലായിരിക്കുന്നത്. ആൺകുട്ടികളേക്കാൾ ദീർഘകാലം പഠിക്കുന്നതും വിവിധ കോഴ്‌സുകൾ പൂർത്തിയാക്കുന്നതും പെൺകുട്ടികളാണെന്നതാണ് പൊതുവേ അഫ്ഗാനിലെ അവസ്ഥ. അഫ്ഗാനിലും പെൺകുട്ടികൾ നൽകുന്ന ഫീസാണ് എല്ലാവർഷവും കോളേജുകളുടെ പ്രവർത്തന മൂലധനമായി നിലനിൽക്കുന്നതെന്നും സർവകലാശാല പ്രതിനിധിയായ മുഹമ്മദ് കരീം നാസ്രി പറഞ്ഞു.
സ്ത്രീകൾ പരസ്യമായി പൊതുസ്ഥലങ്ങളിൽ നടക്കരുതെന്ന ഫത്വ പുറപ്പെടുവിക്കുകയാണ് താലിബാൻ ആദ്യം ചെയ്തത്. പിന്നീട് ഘട്ടംഘട്ടമായി സ്ത്രീകളുടെ തൊഴിൽ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും എടുത്തുകളഞ്ഞു. പെൺകുട്ടികളെ പുരുഷ അദ്ധ്യാപകർ പഠിപ്പി ക്കരുതെന്ന നിബന്ധനയും ഭീകരർ അടിച്ചേൽപ്പിച്ചു. മാദ്ധ്യമ പ്രവർത്തകരായ നിരവധി വനിതകളെ ജയിലിലാക്കിയ താലിബാൻ പലരേയും വധിച്ചതായും റിപ്പോർട്ടുണ്ട്. ഒടുവിലാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർണ്ണമായും നിർത്തലാക്കിയുള്ള ഫത്വ പുറപ്പെടുവിച്ച് അന്താരാഷ്‌ട്ര പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.
Comments