ന്യൂഡൽഹി : പ്രധാനമന്ത്രിയും , താനും ഒരേ സംസ്ഥാനത്തു നിന്നുള്ളവരായതിനാലാണ് പലരും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ഗൗതം അദാനി .
2014 മുതൽ പ്രധാനമന്ത്രി ഗൗതം അദാനിയോട് അടുപ്പം പുലർത്തുന്നുവെന്ന രീതിയിൽ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു . എന്നാൽ തന്റെ വിജയം ഏതെങ്കിലും ഒരു സർക്കാർ നൽകിയതല്ലെന്നും, പല സർക്കാരുകളും സംഭാവന നൽകിയിട്ടുണ്ടെന്നും ഗൗതം അദാനി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
‘ എന്റെ വ്യാവസായിക യാത്രയെ നാല് ഭാഗങ്ങളായി തിരിക്കാം. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തും എക്സിം പോളിസി പ്രമോട്ട് ചെയ്തപ്പോഴും തുടങ്ങിയതാണ് എന്റെ യാത്ര എന്നറിയുമ്പോൾ പലരും ആശ്ചര്യപ്പെടും. അന്നാണ് എന്റെ കയറ്റുമതി സ്ഥാപനം ശക്തമാകാൻ തുടങ്ങിയത്. രാജീവ് ഗാന്ധി ഇല്ലായിരുന്നെങ്കിൽ എന്റെ തുടക്കം ഇങ്ങനെയാകുമായിരുന്നില്ല. 1991-ൽ നരസിംഹ റാവുവും മൻമോഹൻ സിങ്ങും സാമ്പത്തിക പരിഷ്കരണങ്ങൾ ആരംഭിച്ചപ്പോഴാണ് രണ്ടാമത്തെ അവസരം ലഭിച്ചത്.‘ അദാനി പറഞ്ഞു.
തനിക്കൊപ്പം നിരവധി പേർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. . 1995ൽ കേശുഭായ് പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോഴാണ് മൂന്നാമത്തെ അവസരം ലഭിച്ചത്. അതുവരെ മുംബൈ മുതൽ ഡൽഹി വരെയുള്ള എൻഎച്ച്-8 മാത്രമാണ് വികസിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും നയത്തിലെ മാറ്റവും മുന്ദ്രയിൽ ആദ്യത്തെ തുറമുഖം നിർമ്മിക്കാൻ എനിക്ക് അവസരം നൽകി. 2001ൽ മുഖ്യമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ വികസനത്തിന്റെ ദിശ കാണിച്ചപ്പോഴാണ് നാലാമത്തെ അവസരം ലഭിച്ചത്. അദ്ദേഹത്തിന്റെ നയങ്ങൾ ഗുജറാത്തിൽ അവികസിത പ്രദേശങ്ങളുടെ വികസനത്തിനൊപ്പം സാമ്പത്തിക മാറ്റത്തിനും കാരണമായി.
അത് വ്യവസായത്തിന്റെയും തൊഴിലിന്റെയും വികസനത്തിന് കാരണമായി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ അന്തർദേശീയ തലത്തിലും അത് തന്നെയാണ് ചെയ്യുന്നത്. എനിക്കെതിരെ ഇത്തരം കാര്യങ്ങൾ പറയുന്നത് നിർഭാഗ്യകരമാണ്. 2022 പല കാരണങ്ങളാൽ സവിശേഷമാണ്. ഞങ്ങളുടെ അദാനി വിൽമർ ഐപിഒ വിജയകരമായിരുന്നു, ഇതോടെ ഞങ്ങളുടെ ഗ്രൂപ്പിന്റെ ഏഴാമത്തെ ലിസ്റ്റഡ് കമ്പനിയായി അദാനി വിൽമർ മാറി- ഗൗതം അദാനി പറഞ്ഞു.
Comments