തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പിഎഫ്‌ഐ നേതാക്കളുടേയും പ്രവർത്തകരുടേയും വീടുകളിൽ എൻഐഎ റെയ്ഡ്. 56 സ്ഥലങ്ങളിലാണ് ഒരേസമയം എൻഐഎ റെയ്ഡ് നടക്കുന്നത്. രണ്ടാം നിര നേതാക്കളുടേയും പരിശീലനം നൽകിയവരുടേയും വീടുകളിലാണ് പരിശോധന. ഡൽഹിയിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥർ ഉൾപ്പെടെ കേരളത്തിൽ എത്തിയിട്ടുണ്ട്. പിഎഫ്‌ഐ നിരോധനത്തിന്റെ തുടർച്ചയായിട്ടാണ് റെയ്ഡ്.
വിവിധ ജില്ലകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. എറണാകുളം റൂറലിൽ മാത്രം 12 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ആലപ്പുഴയിൽ അരൂർ, എടത്വ, പുന്നപ്രസ വീയപുരം, കായംകുളം എന്നിവിടങ്ങളിലാണ് റെയ്ഡ്. പിഎഫ്‌ഐ മുൻ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനത്തിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ തോന്നയ്‌ക്കൽ, നെടുമങ്ങാട്, പള്ളിക്കൽ എന്നിവിടങ്ങളിലാണ് റെയ്ഡ്. പിഎഫ്‌ഐ നേതാവ് തോന്നയ്‌ക്കൽ നവാസിന്റെ വീട്ടിൽ റെയ്ഡ് നടക്കുന്നുണ്ട്.
പത്തനംതിട്ടയിലും മുവാറ്റുപുഴയിലും റെയ്ഡ് നടക്കുന്നുണ്ട്. പിഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന നിസാറിന്റെ വീട്ടിലും, സോണൽ സെക്രട്ടറിയായിരുന്ന മുഹമ്മദ് റാഷിദിന്റെ വീട്ടിലും, സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന എം.കെ.അഷറഫിന്റെ വീട്ടിലുമാണ് റെയ്ഡ്. പുലർച്ചെ രണ്ട് മണിയോടെയാണ് ഇവിടെ പരിശോധന തുടങ്ങിയത്.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലും ഓച്ചിറയിലും മലപ്പുറം ജില്ലയിൽ മഞ്ചേരി, കോട്ടയ്‌ക്കൽ, വളാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലും, കോഴിക്കോട് ജില്ലയിൽ മാവൂരിലും നാദാപുരത്തുമാണ് പരിശോധന. നാദാപുരത്ത് പിഎഫ്‌ഐ പ്രവർത്തകൻ നൗഷാദിന്റെ വീട്ടിലാണ് പരിശോധന. പാലക്കാട് ജില്ലയിലും സംഘം പരിശോധന നടത്തുന്നുണ്ട്.
Comments