അഹമ്മദാബാദ് : കെട്ടിടങ്ങളും മറ്റ് താമസ സ്ഥലങ്ങളും നിമിഷനേരം കൊണ്ട് പൂർത്തിയാ ക്കുന്ന 3ഡി നിർമ്മാണം പരീക്ഷിച്ച് വിജയിച്ച് കരസേന. അഹമ്മദാബാദിലാണ് കരസേന 3 ഡി പ്രിന്റിംഗ് സാങ്കേതിക വിദ്യയിലൂടെ ഇരുനില കെട്ടിടം പണിതത്. അതിർത്തികളിൽ അതിവേഗം ബ്ലോക്കുകൾ നിർമ്മിച്ച് കെട്ടിടമാക്കാവുന്ന സംവിധാനം ഏറെ ഫലപ്രദവും ഈടുനിൽക്കുന്നതുമാണെന്നും കരസേന അറിയിച്ചു.
കരസേനയുടെ എഞ്ചിനീയറിംഗ് വിഭാഗമായ എംഇഎസാണ് സൈന്യത്തിന് ഏറെ ഉപകാര പ്പെടുന്ന 3ഡി സാങ്കേതിക വിദ്യയിലൂടെ കെട്ടിടം നിർമ്മിച്ചത്. നിർമ്മാണ മേഖലയിലെ മികച്ച സ്ഥാപനമായ മികോബ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കരസേനയുമായി 3ഡി കെട്ടിട നിർമ്മാണത്തിൽ കൈകോർത്തിരിക്കുന്നത്.
71 ചതുരശ്ര അടിയിലാണ് 3ഡി കെട്ടിട നിർമ്മാണം നടന്നത്. ഇരുനിലകെട്ടിടത്തിൽ വാഹന മിടാനുള്ള ഗ്യാരേജിനുള്ള ഇടവും ഒരുക്കിയിട്ടുണ്ട്. 12 ആഴ്ചയാണ് നിർമ്മാണത്തിനായി എടുത്ത സമയം. സോൺ-3 ഭൂകമ്പ പ്രതിരോധ മാനദണ്ഡം അവലംബിച്ച നിർമ്മാണം, ഹിമാലയൻ മലനിരകളിലെ സൈനിക താവളങ്ങൾക്ക് വളരെയേറെ പ്രയോജനക രമാണെന്നാണ് പ്രതിരോധ വകുപ്പ് സാക്ഷ്യപ്പെടുത്തുന്നത്.
താൽക്കാലിക ടെന്റുകൾ നിർമ്മിച്ചിരുന്ന സ്ഥാനത്താണ് ഇനി 3ഡി കെട്ടിടങ്ങൾ ഉയരുന്നത്. കെട്ടിടത്തിനാവശ്യമായ ചുവരുകളെല്ലാം നിമിഷ നേരംകൊണ്ട് ശില്പങ്ങൾ നിർമ്മിക്കും പോലെ 3ഡി രൂപരേഖ പ്രകാരം നിർമ്മിച്ച് കൂട്ടിച്ചേർക്കുന്നതാണ് സംവിധാനം. വിവിധ ബറ്റാലിയനുകളെ ഒരുമിച്ച് മാറ്റേണ്ടി വരുമ്പോൾ ഏറെ ഉപകരാപ്പെടുന്ന സംവിധാനമാണിത്. നാലുമാസത്തിനുള്ളിൽ നിർമ്മിക്കാവുന്ന യൂണിറ്റുകളെന്നത് വലിയ നേട്ടമാണ്. സമയ ലാഭവും പണച്ചിലവ് കുറഞ്ഞതുമാണെന്നതിനാൽ പ്രതിരോധ വകുപ്പിന് പുതിയ സാങ്കേതിക വിദ്യ വലിയ ആശ്വാസമാണ്.
Comments