കൊച്ചി : തന്റെയും, മകളുടെയും ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവിനെതിരെ നടി പ്രവീണ . തമിഴ്നാട് തിരുനെൽവേലി സ്വദേശി ഭാഗ്യരാജിന് (23) എതിരെയാണു പരാതി.
താരത്തിന്റെ പരാതിയില്‍ യുവാവിനെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയ യുവാവ് ഇപ്പോൾ തന്റെ മകളെ പോലും വെറുതെ വിടാതെ ഉപദ്രവിക്കുകയാണ് എന്ന് പ്രവീണ പറയുന്നു.
സമൂഹമാദ്ധ്യമങ്ങളിലൂടെ 3 വർഷമായി തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി ഒരു വർഷം മുൻപാണ് നടി സൈബർ പോലീസിൽ പരാതി നൽകിയത്.
തന്റെ ഫോട്ടോകൾ ഡൗൺലോഡ് ചെയ്ത് മോർഫിങ്ങിലൂടെ നഗ്ന ചിത്രങ്ങളാക്കി പരിചയക്കാർക്കും സുഹൃത്തുക്കൾക്കും അയച്ചു നൽകുന്നുവെന്നായിരുന്നു പരാതി.
‘ ഇതിനോടകം എന്റെ നൂറോളം വ്യാജ ഐഡികൾ അയാൾ നിർമിച്ചു. വ്യാജ ഫോട്ടോകൾ എല്ലാവർക്കും അയച്ചുകൊടുത്തു. എന്റെ മകളെപ്പോലും വെറുതെവിട്ടില്ല. എന്റെ ചുറ്റുമുള്ള സ്ത്രീകളെയെല്ലാം തിരഞ്ഞുപിടിച്ച് ആക്രമിച്ചു. മനുഷ്യന് ഇത്രയും മാനസിക വൈകൃതം ഉണ്ടാകുമോ. മൂന്നു വർഷമായി അനുഭവിക്കുന്ന വേദന പറഞ്ഞാൽ ആർക്കും മനസ്സിലാകില്ല. എന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പലർക്കും അയച്ചുകൊടുത്തു. അവർ പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്. പരാതി നൽകിയതോടെ എന്റെ അമ്മ, സഹോദരി, മകൾ, മകളുടെ അധ്യാപകൻ, കൂട്ടുകാർ തുടങ്ങിയവരുടെ വ്യാജ ചിത്രങ്ങളും പ്രചരിപ്പിക്കുന്നു‘ പ്രവീണ പറയുന്നു.
പരാതിയെ തുടർന്നാണ് പോലീസ് ഡൽഹിയിൽ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്ന ഭാഗ്യരാജിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ലാപ്ടോപ്പിൽനിന്ന് ഇത്തരത്തിലുള്ള ഒട്ടേറെ ചിത്രങ്ങൾ അന്നു കണ്ടെടുത്തിരുന്നു.
തുടർന്ന് വഞ്ചിയൂർ കോടതി 3 മാസം റിമാൻഡ് ചെയ്ത ഭാഗ്യരാജ് 1 മാസം പൂർത്തിയാകുന്നതിനു മുൻപു തന്നെ ജാമ്യത്തിലിറങ്ങി. തുടർന്ന് വൈരാഗ്യബുദ്ധിയോടെ കൂടുതൽ ദ്രോഹിക്കുകയാണെന്നു പ്രവീണ പറഞ്ഞു. ഒരു വർഷത്തോളം നിരന്തരം പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ആയിട്ടില്ല. തന്നെ വേദനിപ്പിക്കാനായി നിലവിൽ മകളുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ കൂടുതലായി പ്രചരിപ്പിക്കുന്നതെന്നും പ്രവീണ പറയുന്നു. ഇതോടെ പ്രവീണയുടെ മകളും സൈബർ പോലീസിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഭാഗ്യരാജിനെരിരെ സൈബർ ബുള്ളിയിങ്ങിനും സ്റ്റോക്കിങ്ങിനും കേസെടുത്തിട്ടുണ്ടെന്നും നടപടിക്രമങ്ങൾ പോലീസ് പറഞ്ഞു.
Comments