തിരുവനന്തപുരം: വീണ്ടും മന്ത്രിയാകാൻ ഒരുങ്ങി സജി ചെറിയാൻ എംഎൽഎ. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റാണ് ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയതിന്റെ പേരിൽ രാജിവെച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ തീരുമാനിച്ചത്. നിയമസഭാ സമ്മേളനത്തിന് മുൻപ് സത്യപ്രതിജ്ഞ നടത്താനാണ് ധാരണ.
സജി ചെറിയാൻ ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയതിന് തെളിവില്ലെന്ന് കാട്ടി പോലീസ് കോടതിയിൽ റെഫർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മന്ത്രിയാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഗവർണറുടെ സൗകര്യം നോക്കി സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ തിയതി നിശ്ചയിക്കാൻ മുഖ്യമന്ത്രിയെ സെക്രട്ടറിയേറ്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ജൂലൈയിൽ ആയിരുന്നു ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയതിനെ തുടർന്ന് സജി ചെറിയാൻ രാജിവെച്ചത്.
മല്ലപ്പള്ളിയിൽ നടന്ന പാർട്ടി പരിപാടിയിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചത്. ജനങ്ങളെ കൊള്ളയടിക്കുന്ന ഭരണ ഘടനയാണ് നമ്മുടെ രാജ്യത്തേത് എന്നും, ബ്രിട്ടീഷുകാർ പറഞ്ഞ കാര്യങ്ങൾ ഡോ.ബിആർ അംബേദ്കർ അതേപടി എഴുതിവെച്ചുവെന്നുമായിരുന്നു പരാമർശങ്ങൾ. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നായിരുന്നു സജി ചെറിയാന് രാജിവയ്‌ക്കേണ്ടി വന്നത്.
Comments