ന്യൂഡൽഹി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ മാതാവിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ രാത്രി ഫോണിലൂടെയാണ് പ്രധാനമന്ത്രി ഋഷഭ് പന്തിന്റെ മാതാവുമായി സംസാരിച്ചത്. പന്തിന്റെ ആരോഗ്യനില ആരാഞ്ഞ പ്രധാനമന്ത്രിയ്ക്ക് ബിസിസിഐ നന്ദി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഋഷഭ് പന്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ചകാര്യങ്ങൾ ചോദിച്ചറിഞ്ഞു. പ്രതിസന്ധി സമയത്ത് പന്തിന്റെ കുടുംബത്തിനൊപ്പം നിൽക്കുകയും, ആശ്വാസവാക്കുകൾ പകരുകയും ചെയ്ത പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിക്കുന്നു- ബിസിസിഐ ട്വീറ്റ് ചെയ്തു.
പന്തിന്റെ അപകടവാർത്ത അറിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നടുക്കം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാതാവിനെ വിളിച്ച് ആരോഗ്യം സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചത്. പന്ത് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചിരുന്നു.
ഇന്നലെ പുലർച്ചെയായിരുന്നു ഋഷഭ് പന്ത് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. ഓടുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച കാർ തലകീഴായി മറിഞ്ഞ് കത്തിയമരുകയായിരുന്നു. കാറിന്റെ ചില്ല് തകർത്ത് പുറത്തു കടക്കാൻ ശ്രമിച്ച പന്തിനെ വഴിയാത്രികരായ രണ്ട് ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
Comments