തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് സജി ചെറിയാന് എംഎല്‍എ. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമുണ്ട്. വിവാദ വിഷയമുണ്ടായപ്പോള്‍ ധാര്‍മികത മുന്‍ നിര്‍ത്തിയാണ് രാജിവെച്ചതെന്നും സജി ചെറിയാന് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യന്‍ ഭരണ ഘടന സംരക്ഷിക്കാനായായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായ വ്യക്തിയാണ് താന്‍. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമുണ്ട്. 40 വര്‍ഷം നീണ്ട പൊതുജീവിതത്തില്‍ സാമൂഹിക വിരുദ്ധമായി താന്‍ ഒന്നും തന്നെ ചെയ്തിട്ടില്ലായെന്നും സജി ചെറിയാന് പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി പറഞ്ഞപ്പോള്‍ മാത്രമാണ് മന്ത്രിസഭയിലേക്ക് തിരികെ എത്തുമെന്ന കാര്യം അറിയുന്നത്. വിവാദ വിഷയമുണ്ടായപ്പോള്‍ ധാര്‍മികത ഉയര്‍ത്തി താന്‍ രാജി വെച്ചിരുന്നു. മന്ത്രിയാകുന്നതില്‍ നിയമപരമായി യാതൊരു തടസവും ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും സജി ചെറിയാന് പ്രതികരിച്ചു.
ആറ് മാസത്തെ അന്വേഷണ ശേഷം കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതില്‍ ഏതെങ്കിലും തരത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായതായി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments