ന്യൂഡൽഹി : ക്രിസ്മസ് മാത്രമല്ല പുതുവത്സരം ആഘോഷിക്കുന്നതും ഇസ്ലാമിൽ ‘ഹറാം’ ആണെന്ന് ഇസ്ലാമിക സംഘടനയായ റാസ അക്കാദമിയുടെ പ്രസിഡന്റ് സയ്യിദ് നൂറി .
ഇസ്ലാമിൽ നിഷിദ്ധമായതിനാൽ പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കരുതെന്നും സയ്യിദ് നൂറി മുസ്ലീങ്ങളോട് നിർദേശിച്ചു. ഡിസംബർ 31 ന് രാത്രിയിൽ ന്യൂ ഇയർ പാർട്ടി എന്ന പേരിൽ നടക്കുന്നത് അശ്ലീല പ്രവർത്തനങ്ങൾ ആണെന്നും അത് പിശാചിന് പോലും നാണക്കേടാണെന്നും സയ്യിദ് നൂറി ട്വീറ്റ് ചെയ്‌ത വീഡിയോയിൽ പറഞ്ഞു.
ആഘോഷത്തിന്റെ പേരിൽ ഇത്തരം പാർട്ടികളിൽ എല്ലാ ഹീനമായ കാര്യങ്ങളും നടക്കുന്നുണ്ട്. ഇത്തരം നിന്ദ്യമായ പ്രവൃത്തികൾ പിശാചിനെപ്പോലും ലജ്ജിപ്പിക്കും. എല്ലാ മതങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള ആളുകൾ ഇത്തരം ‘ഹറാം’ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. 31ന് രാത്രി മുസ്ലീം യുവാക്കൾ ഇത്തരം പരിപാടികളിൽ പങ്കെടുത്താൽ ആ ദ്രോഹം അള്ളാഹു പൊറുക്കണമെന്നും സയ്യിദ് വീഡിയോയിൽ അപേക്ഷിക്കുന്നുണ്ട്.
പുതുവത്സരാഘോഷങ്ങളുടെ പേരിൽ അശ്ലീല പ്രവൃത്തികളിൽ ഏർപ്പെടുന്നതിന് പകരം ബാങ്ക് വിളി ഉൾപ്പെടെയുള്ള മറ്റ് മതപരമായ പരിപാടികൾ സംഘടിപ്പിക്കണമെന്നും റാസ അക്കാദമി മറ്റൊരു ട്വീറ്റിൽ മുസ്ലീങ്ങളോട് അഭ്യർത്ഥിച്ചു. 1978-ലാണ് റാസ അക്കാദമി എന്ന ഇസ്ലാമിക സംഘടന സ്ഥാപിതമായത്. . 20-ാം നൂറ്റാണ്ടിലെ സുന്നി നേതാവ് അഹ്മദ് റസാ ഖാന്റെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനുമാണ് ഈ സംഘടന സ്ഥാപിതമായത്.
Comments