ശ്രീനഗർ: നിയന്ത്രണ രേഖയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം. ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിലാണ് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച് വിവരം ലഭിച്ചതിന് പിന്നാലെ സൈന്യം പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്ന് സൈന്യം അറിയിച്ചു.
കഴിഞ്ഞ ദിവസം പൂഞ്ച് മേഖലയിൽ സംശയാസ്പദമായ നീക്കങ്ങൾ നടന്നിരുന്നതായി സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് സുരക്ഷാ സേന പ്രദേശത്ത് വെടിയുതിർത്തിരുന്നു. ജമ്മുവിലെ സിദ്ര മേഖലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിർത്തിയിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.
അടുത്തിടെയാണ് നിരോധിത ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ പ്രവർത്തകർ ജമ്മുവിൽ അറസ്റ്റിലായത്. സൈന്യത്തിൽ നിന്നും രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയാണ് പോലീസ് തിരച്ചിൽ നടത്തി അഞ്ച് ഭീകരരെ അറസ്റ്റ് ചെയ്തത്. എകെ 47 റൈഫിളുകൾ, മാഗസിനുകൾ, വെടിമരുന്ന്, പിസ്റ്റളുകൾ തുടങ്ങി നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു.
Comments