മലപ്പുറം: പതിനൊന്നുകാരിയെ പീഡനത്തിനിരയാക്കിയ പ്രതിയ്ക്ക് 80 വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മലപ്പുറം മഞ്ചേരി സ്വദേശി നൗഫൽ എന്ന മുന്നയെയാണ് പോക്സോ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം നിരവധി തവണ പീഡിപ്പിച്ചതായാണ് കേസ്.
വിവിധ വകുപ്പുകളിലായാണ് 80 വർഷം തടവ് വിധിച്ചത്. പല തവണ പീഡനത്തിനിരയാക്കിയതിന് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ലൈംഗികാതിക്രമത്തിനിടെ പരിക്കേൽപ്പിച്ചതിന് 20 വർഷം കഠിന തടവും 50,000 രൂപ പിഴയും 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം കഠിന തടവും 25,000 രൂപ പിഴയും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് 10 വർഷം കഠിന തടവും 25,000 രൂപയും വിധിച്ചിട്ടുണ്ട്.
പിഴ തുക അടച്ചാൽ കുട്ടിക്ക് നൽകാനും വിധിച്ചു. ഇതിന് പുറമേ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മുഖേന മതിയായ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. കേസിൽ 18 സാക്ഷികളെ വിസ്തരിക്കുകയും 35 രേഖകൾ ഹാജാരാക്കുകയും ചെയ്തു.
Comments