അടിമാലി: ഇടുക്കിയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു. മലപ്പുറം സ്വദേശി മിൽഹാജ് ആണ് മരിച്ചത്. നാൽപ്പതോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. അടിമാലി മുനിയറയിലാണ് സംഭവം. വളാഞ്ചേരി റീജിയണൽ കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ്സ് ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇന്നലെ രാത്രി 1.15ഓടെയാണ് അപകടമുണ്ടായത്. വിനോദയാത്രയ്ക്കായി എത്തിയ സംഘം തിരികെ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കല്ലാർകുട്ടി-മയിലാടുംപാറ റൂട്ടിൽ മുനിയറയിൽ നിന്നും ഒന്നര കിലോമീറ്റർ മാറി തിങ്കൾക്കാടിന് സമീപത്താണ് ബസ് മറിയുന്നത്. കൊടുംവളവും കുത്തിറക്കവുമുള്ള പ്രദേശമാണിവിടം. തലകീഴായി മറിഞ്ഞ അവസ്ഥയിലായിരുന്നു ബസ്.
വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് ആദ്യം നേതൃത്വം നൽകിയത്. പിന്നാലെ പോലീസും ഫയർ ആന്റ് റസ്ക്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രണ്ട് മണിക്കൂറിലധികം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പരിക്കേറ്റവരെ വാഹനത്തിനുള്ളിൽ നിന്ന് പുറത്തെടുത്തത്.
Comments