ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിന്റെ സ്മരണയിൽ തറവാട് വീട്. ഗുജറാത്തിലെ വാട്‌നഗറിലെ വസതിയിൽ ഹീരാബെൻ മോദിയുടെ സ്മരണയിൽ പ്രാർത്ഥനാ സമ്മേളനം സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെയാണ് സമ്മേളനം സംഘടിപ്പിച്ചത്.
നിരവധി പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്ത വ്യക്തിയാണ് ഹീരാബെൻ എന്നും രാജ്യം എന്നും അവരെ ഓർമ്മിക്കുമെന്നും മുൻ എംപി രാജുഭായ് പർമർ പറഞ്ഞു. പ്രധാനമന്ത്രിയെ പോലെ അമൂല്യമായ ആളെ രാജ്യത്തിന് സമർപ്പിച്ച മാതാവാണ് ഹീരാബെൻ മോദി എന്ന് കേന്ദ്രമന്ത്രി പരോഷത്തം രൂപാല അനുശോചിച്ചു. ചടങ്ങിൽ നിരവധി പേരാണ് പങ്കെടുത്തത്.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയുടെ മാതാവ് അന്തരിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്ന് അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലായിരുന്നു അന്ത്യം. മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളുന്നുവെന്ന് തുടങ്ങുന്ന ട്വീറ്റിലൂടെയാണ് പ്രധാനമന്ത്രി വിയോഗ വാർത്ത പങ്കുവെച്ചത്.
Comments