ശ്രീനഗർ : ഭീകരർക്കും, സഹായികൾക്കുമെതിരെ ശക്തമായ നടപടികളുമായി ജമ്മു കശ്മീർ പോലീസ് . ഭീകരരെ സഹായിച്ച തീവ്ര ഇസ്ലാമിസ്റ്റുകളായ സഹോദരങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടി . ജഹാംഗീർ അഹമ്മദ് ലോൺ, ഉമർ ഷാഫി ലോൺ എന്നീ രണ്ട് സഹോദരന്മാരുടെ സ്വത്തുക്കളാണ് പോലീസ് കണ്ടുകെട്ടിയത് . ഇരുവരെയും ഇക്കഴിഞ്ഞ മെയ് മാസത്തിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു
അവന്തിപ്പോരയിൽ ഭീകരർക്ക് അഭയം നൽകിയതും അവർക്ക് അവശ്യസാധനങ്ങൾ എത്തിച്ചുകൊടുത്തതും ഉമറും, ഷാഫിയുമാണ്. ഇതോടൊപ്പം സുരക്ഷാസേനയുടെ നീക്കത്തെ കുറിച്ചും ഇവർ ഭീകരരെ അറിയിക്കാറുണ്ടായിരുന്നു. പോലീസിന്റെ ഭീകര വിരുദ്ധ ഓപ്പറേഷൻ പ്രകാരമാണ് നടപടി. ഇതിൽ യുഎ(പി) ആക്ടിലെ സെക്ഷൻ 25 പ്രകാരമാണ് അറ്റാച്ച്മെന്റ് നടക്കുന്നത്. 2022 ഒക്ടോബർ 3 ന് ഡിജിപി ഇരുവരുടെയും സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവിട്ടിരുന്നു. ഒപ്പം ഭീകരരെ സഹായിക്കരുതെന്ന മുന്നറിയിപ്പും പോലീസ് നൽകിയിട്ടുണ്ട്.
2022 മെയ് മാസത്തിൽ അവന്തിപോരയിലെ രാജ്പോരയിൽ തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. വിവരമറിഞ്ഞ് പോലീസ്, സിആർപിഎഫ് എന്നിവർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. എന്നാൽ ഒരു വീടിന്റെ മറവിൽ ഒളിച്ചിരുന്ന ഭീകരർ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിർത്തു. പിന്നാലെ ഭീകരർ മുഹമ്മദ് മിസ്ഗർ എന്ന വ്യക്തിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഒളിച്ചിരുന്നു.
കീഴടങ്ങാൻ കൂട്ടാക്കാത്തതിനെ തുടർന്ന് രണ്ട് ഭീകരരെ സൈന്യം കൊലപ്പെടുത്തി . കൊല്ലപ്പെട്ട ഭീകരർ ജെയ്‌ഷെ മുഹമ്മദുമായും, ലഷ്‌കറെ ത്വയ്ബയുമായും ബന്ധമുള്ളവരാണ്. രക്ഷപെട്ട മറ്റ് ഭീകരർക്കാണ് ജഹാംഗീർ അഹമ്മദ് ലോൺ, ഉമർ ഷാഫി ലോൺ എന്നിവർ അഭയം നൽകിയത്. സുരക്ഷാ സേനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അവരെ അറിയിച്ചിരുന്നതും ഈ സഹോദരങ്ങളാണ് .ഭീകരരെ തങ്ങളുടെ ബേക്കറിയിൽ പാർപ്പിക്കുക മാത്രമല്ല, അവർക്ക് ഭക്ഷണവും , മറ്റ് സഹായങ്ങളും നൽകിയിരുന്നതും ഇവരാണ്.
Comments