വയനാട്: പോലീസ് ഉദ്യോഗസ്ഥർ യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ചതായി പരാതി. വയനാട് മീനങ്ങാടി മലക്കാട് സ്വദേശി സിബി തോമസിനെയാണ് പോലീസ് ക്രൂരമായി ആക്രമിച്ചത്. നാല് പോലീസ് ഉദ്യോഗസ്ഥർ ലാത്തി ഉപയോഗിച്ച് തല്ലിയെന്നാണ് പരാതി.
മീനങ്ങാടി പോലീസ് സ്റ്റേഷനിലെ മുൻ പരിചയമുള്ള നാല് പോലീസ് ഉദ്യോഗസ്ഥരാണ് പ്രകോപനങ്ങൾ ഇല്ലാതെ രാത്രി വളഞ്ഞിട്ട് ആക്രമിച്ചതെന്ന് സിബി തോമസ് പറഞ്ഞു. പ്രദേശത്ത് പന്നി ഫാം നടത്തുന്നയാളാണ് പരാതിക്കാരൻ. ഇത് സംബന്ധിച്ച് അയൽക്കാരുമായി തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് മീനങ്ങാടി പോലീസ് സ്റ്റേഷനിലെ ചിലർക്ക് തന്നോട് വൈരാഗ്യം ഉണ്ടായിരുന്നതായും അതാകാം ആക്രമണത്തിലേക്ക് നയിച്ചതെന്നും സിബി പറഞ്ഞു. ഇതിന് മുൻപും പോലീസ് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നതായി യുവാവ് പറഞ്ഞു.
വധശ്രമം ഉൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് സിബി തോമസ് എന്നാണ് പോലീസ് നൽകുന്ന വിശദീകരണം. പോലീസ് സിബിയെ ആക്രമിച്ചിട്ടില്ലെന്നും മീനങ്ങാടി ബാറിന് സമീപം രാത്രി കൂട്ടം കൂടി നിന്നവരെ പിരിച്ചുവിടുക മാത്രമാണ് ചെയ്തതെന്നുമാണ് പോലീസിന്റെ വാദം. സംഭവത്തിൽ സിബി തോമസ് മുഖ്യമന്ത്രിയ്ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി
Comments