പത്തനംതിട്ട : ശബരിമല പാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. ളാഹയിലെ വിളക്കുവഞ്ചിക്ക് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ പതിനഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന്റെ കാരണം.
പമ്പയിൽ നിന്നും തിരുവനന്തപുരത്തെക്ക് പോയ സ്പെഷ്യൽ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പെരുനാട് ആശുപത്രിയിൽ എത്തിച്ചാണ് പ്രാഥമിക ചികിത്സ നൽകിയത്. ആരുടേയും പരിക്ക് ഗുരുതരമല്ല. മകരവിളക്ക് മഹോത്സവത്തിനായി ശബരിമലയ്ക്ക് പോയ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്.
ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം. സ്ഥിരമായി അപകടം നടക്കാറുള്ള ഇടമാണ് ളാഹയിലെ വിളക്കുവഞ്ചി. നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നാലെ പൊലീസും ഫയർഫോഴ്സ് സംഘവും മോട്ടോർവാഹന വകുപ്പും സ്ഥലത്തെത്തി.
Comments