ആലപ്പുഴ: സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ നിന്ന് റേഷനരി പിടികൂടി. കരുവാറ്റ എസ്.എൻ കടവിന് സമീപമുള്ള ഗോഡൗണിൽ നിന്നാണ് റേഷനരി പിടിച്ചെടുത്തത്. താറാവുതീറ്റയ്ക്കായി കൊണ്ടുവന്ന 1,400 കിലോ അരിയാണ് സിവിൽ സപ്ലൈസ് അധികൃതർ പിടിച്ചെടുത്തത്.
പ്ലാസ്റ്റിക് ചാക്കുകളിലേക്ക് റേഷനരി മാറ്റി നിറച്ച നിലയിലായിരുന്നു. പിടികൂടിയ അരി സപ്ലൈകോയുടെ ഹരിപ്പാടുള്ള റേഷൻ സംഭരണ കേന്ദ്രത്തിലേക്ക് മാറ്റി. കളക്ടർക്ക് റിപ്പോർട്ട സമർപ്പിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു. കടയുടമകൾക്ക് മുട്ട നൽകി പകരം താറാവിന് തീറ്റ ആയി റേഷനരി വാങ്ങുകയാണ് പതിവ്. രാവിലെ ഏഴ് മുതലാണ് മുട്ടയ്ക്ക് പകരമുള്ള അരി തിരിമറി നടത്തുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.
പാവങ്ങളുടെ റേഷനരിയിൽ ക്രമക്കേട് നടത്തിയ ആളുടെ പേര് പുറത്തുവിടാൻ സിവിൽ സപ്ലൈസ് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. രാഷ്ട്രീയ സമ്മർദ്ദമാണ് ഇതിന് പിന്നിലെന്നാണ് വിവരം. റേഷനരി കടത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമവുമുണ്ടായിട്ടില്ല. സിവിൽ സപ്ലൈസിന്റെ പരിശോധനകൾ തിരിമറിക്കാരുമായി ചേർന്നുള്ള ഒത്തുകളിയാണെന്നും ആരോപണം ഉയരുന്നുണ്ട്. പിടിക്കപ്പെടുന്നവരുടെ പേരുവിവരങ്ങൾ പുറത്തുവിടാതെ ചെറിയ പിഴയടച്ച് പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കി നൽകുകയാണ് ഉദ്യോഗസ്ഥർ.
Comments