ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലാണ് സംഭവം. മൂന്ന് പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. തകർന്ന ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കടൽത്തീരത്തോട് ചേർന്ന് കിടക്കുന്ന ചിത്രങ്ങൾ ഉദ്യോഗസ്ഥർ പുറത്ത് വിട്ടു.
പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഗോൾഡ് കോസ്റ്റിലെ പ്രധാന ബീച്ചിനോട് ചേർന്നാണ് ഹെലികോപ്റ്ററുകൾ തകർന്ന് വീണിരിക്കുന്നത്. പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് ഇവിടം. അപകടമുണ്ടായതിന് പിന്നാലെ പോലീസ്, സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. സംഭവസമയം 13 പേരാണ് രണ്ട് ഹെലികോപ്റ്ററുകളിലുമായി ഉണ്ടായിരുന്നത്. ആറ് പേരുടെ പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
ഒരു ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു ഹെലികോപ്റ്റർ പറന്നുയരാൻ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം നടത്തിയതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂ എന്ന് ഓസ്ട്രേലിയൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോ ചീഫ് കമ്മീഷണർ വ്യക്തമാക്കി.
Comments