ഭോപ്പാൽ: സ്വകാര്യ പാർട്ടിയ്ക്കിടെ കയ്യിൽ തോക്കേന്തി നൃത്തം ചെയ്ത കോൺഗ്രസ് എംഎൽഎയ്ക്കെതിരെ കേസ് എടുക്കാൻ ഒരുങ്ങി പോലീസ്. മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ നിർദ്ദേശത്തെ തുടർന്നാണ് എംഎൽഎ സുനീൽ ഷറഫിനെതിരെ നടപടിയ്ക്കൊരുങ്ങുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പാർട്ടിയിൽ ഗാന മേളയും സംഘടിപ്പിച്ചിരുന്നു. ഗായകൻ പാട്ട് പാടുന്നതിനിടെ അവിടേക്ക് എംഎൽഎയും സംഘവും കയറുകയായിരുന്നു. തുടർന്ന് ഗാനത്തിനൊപ്പം ഡാൻസും ആരംഭിച്ചു. ഇതിനിടെയായിരുന്നു തോക്ക് എടുത്ത് മുകളിലേക്ക് ഉയർത്തിയത്. ഇതോടെ സ്റ്റേജിന് പുറത്തുണ്ടായിരുന്നവർ പരിഭ്രാന്തരായി. മിനിറ്റുകളോളമാണ് എംഎൽഎ തോക്കുമായി വേദിയിൽ ആടിത്തിമിർത്തത്.
കോട്ട്മയിൽ നിന്നുള്ള എംഎൽഎയാണ് സുനീൽ ഷറഫ്. കഴിഞ്ഞ ഒക്ടോബറിൽ രേവാഞ്ചൽ എക്സ്പ്രസിൽവച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് എംഎൽഎയ്ക്കെതിരെ കേസ് എടുത്തിരുന്നു.
Comments