കോട്ടയം: ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടലിന് വീണ്ടും അനുമതി നൽകിയ നഗരസഭ ഹെൽത്ത് സൂപ്പർവൈസർക്ക് സസ്‌പെൻഷൻ. മുൻപ് ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടലിന് മതിയായ പരിശോധനകൾ നടത്താതെ വീണ്ടും പ്രവർത്തനാനുമതി നൽകിയ ഹെൽത്ത് സൂപ്പർവൈസർ എം. ആർ സാനുവിനെയാണ് സസ്‌പെൻഡ് ചെയ്തത്.
പരിശോധനകളുടെ അഭാവമാണ് ഭക്ഷ്യവിഷബാധയേറ്റ് ആളുകൾ മരിക്കുന്നതിന്റെ പ്രധാന കാരണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് തന്നെ വ്യക്തമായിരുന്നു. കൊറോണ മഹാമാരിയ്‌ക്ക് മുൻപ് ഹോട്ടലുകളിലും മറ്റും പരിശോധന കർശനമാക്കിയിരുന്നു. എന്നാൽ കൊറോണ വന്നതിന് ശേഷം പരിശോധനകൾ നിന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നു. പിന്നീട് ഭക്ഷ്യവിഷബാധയേൽക്കുമ്പോൾ മാത്രമാണ് നടപടികൾ സ്വീകരിച്ചിരുന്നതെന്ന ആരോപണവും ശക്തമാണ്.
സ്ഥാപനങ്ങൾ എവിടെ നിന്നാണ് മാംസം വാങ്ങുന്നത്, വാങ്ങുന്ന സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസുണ്ടോ, വാങ്ങിയതിന്റെയും മറ്റും രജിസ്റ്റർ സൂക്ഷിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ കർശനമായി പരിശോധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരത്തിലുള്ള പരിശോധനകൾ നടത്തുന്നില്ല. ഇത് ഹോട്ടലുടമകളും മറ്റും മുതലെടുക്കുന്ന പ്രവണതയാണ് കാണുന്നത്.
കോട്ടയം സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച യുവതി കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചതിന് പിന്നാലെയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനകൾ വീണ്ടും പുനഃരാംഭിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കിളിരൂർ സ്വദേശി രശ്മി രാജാണ് മരണപ്പെട്ടത്. ഇവർ ആഹാരം കഴിച്ച കടയിൽ നിന്ന് കഴിച്ചവരിൽ 20-ഓളം പേർക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. ഏത് തരത്തിലുള്ള അണുബാധയാണ് മരണത്തിന് കാരണമായതന്ന് സ്ഥിരീകരിക്കാൻ രാസപരിശോധന ഫലം ലഭിക്കണം. കഴിഞ്ഞ ഒരു മാസം മുൻപും ഇതേ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അന്ന് നഗരസഭ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ കണ്ണടച്ചതോടെ പ്രവർത്തനം വീണ്ടും ആരംഭിക്കുകയായിരുന്നു.
Comments