തിരുവനന്തപുരം: അടുത്ത വർഷം മുതൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാംസാഹാരം ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സർക്കാർ വെജും നോൺവെജും ഇവ രണ്ടും കഴിക്കുന്നവർക്കും ഒപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ 60 വർഷമായി കലോത്സവം നടന്നുവരികയാണ്. അന്ന് മുതൽ ശീലിച്ച രീതിയാണ് വെജിറ്റേറിയൻ ഭക്ഷണം. കായിക മേളയിൽ വെജും മാംസാഹാരവും നൽകുന്നുണ്ട്. കലോത്സവത്തിൽ 20,000 ലധികം ആളുകളാണ് ഭക്ഷണം കഴിക്കുന്നുണ്ട്. ഇവർക്ക് നോൺവെജ് നൽകുന്നതിൽ ബുദ്ധിമുട്ടില്ല. കലോത്സവം അവസാനിക്കാൻ ഇനി രണ്ട് നാൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടയിൽ നോൺ വെജ് നൽകാൻ കഴിയുമോയെന്ന കാര്യം ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചേർന്ന് ആലോചിച്ച് തീരുമാനിക്കാം. അടുത്ത വർഷം കലോത്സവത്തിന് എന്തായാലും മാംസാഹാരം ഉണ്ടായിരിക്കുമെന്നും ശിവൻകുട്ടി ഉറപ്പ് നൽകി.
നോൺവെജ് കഴിക്കുമ്പോൾ കുട്ടികൾക്ക് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാകുമോയെന്ന ആശങ്കയുണ്ട്. അല്ലാതെ മാംസാഹാരം നൽകരുതെന്ന നിർബന്ധം സർക്കാരിനില്ല. 60 വർഷക്കാലം ഉണ്ടാകാതിരുന്ന ബ്രാഹ്‌മണ മേധാവിത്വം ഇപ്പോഴാണോ എല്ലാവരും കാണുന്നത്. 61ാമത് കലോത്സവം കുറ്റമറ്റ രീതിയിൽ പുരോഗമിക്കുകയാണ്. ഇത് തകർക്കാനുള്ള ശ്രമമാണ് വിവാദമെന്നും ശിവൻകുട്ടി പ്രതികരിച്ചു.
Comments