ന്യൂഡൽഹി: പുതുവത്സര ദിനത്തിൽ ഡൽഹിയിൽ യുവതി വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ആറാം പ്രതി അറസ്റ്റിൽ.ഡൽഹി സ്വദേശി അശുതോഷാണ് അറസ്റ്റിലായത്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വഴിതെറ്റിക്കുകയും പ്രതികളെ സഹായിക്കുകയും ചെയ്തതിനാണ് അശുതോഷിനെ അറസ്റ്റ് ചെയ്തത്. അഞ്ചുപേർ അശുതോഷിന്റെ വീടിനു സമിപം കാർ ഉപേക്ഷിച്ചു കടന്നു കളയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ഇയാളിലേക്ക് എത്തിയത്. സംഭവത്തിൽ തുടരന്വേഷണം നടന്നു വരികയാണെന്ന് സ്പെഷ്യൽ കമ്മീഷണർ ഓഫീസർ സാഗർ പ്രീത് ഹൂഡ പറഞ്ഞു.
നേരത്തെ കേസിൽ അഞ്ച് പേർ അറസ്റ്റിലായിരുന്നു. ഇതിൽ പ്രായപൂർത്തിയാകാത്തയാളും ഉൾപ്പെട്ടിട്ടുണ്ട്. ഇയാൾക്ക് കാർ നൽകിയത് അശുതോഷ് ചോദ്യം ചെയ്യലിൽ മറച്ച് വെച്ചിരുന്നു. മനോജ് മിത്തൽ, ദീപക് ഖന്ന, അമിത് ഖന്ന, കൃഷ്ണ, മിഥുൻ എന്നിവരെയാണ് പോലീസ് മുൻപ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന ബലേനോ കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അഞ്ജലി അപകടത്തിൽ പെട്ടതിനു ശേഷം 12 കിലോമീറ്ററോളം വലിച്ചിഴക്കപ്പെടുകയായിരുന്നു. കഞ്ചവാലയിൽ നിന്നുമാണ് ശരീരമാസകലം ഗുരുതര പരിക്കുകളോടെ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. ഇതിന് സമീപത്ത് നിന്നുമായി സ്‌കൂട്ടിയും കണ്ടെത്തിയിരുന്നു. 40 ഇടങ്ങളിലായി മാരകമായ പരിക്കുകളാണ് അഞ്ജലിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. എന്നാൽ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ലൈംഗീകാതിക്രമങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ലെന്നാണ് വിലയിരുത്തൽ. കിലോമീറ്ററുകൾ വലിച്ചിഴക്കപ്പെട്ടതിനെ തുടർന്ന് തല, കഴുത്ത്, നട്ടെല്ല്, കൈകാലുകൾ എന്നിവയിക്കുണ്ടായ ആഴത്തിലുളള മുറിവുകളും രക്തസ്രാവവുമാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അപകടത്തിൽ അഞ്ജലി കാറിന് അടിയിൽ കുടുങ്ങി എന്നറിഞ്ഞിട്ടും യുവാക്കൾ വാഹനം നിർത്തുവാൻ തയ്യാറായിരുന്നില്ല എന്ന് യുവതിയുടെ സുഹൃത്ത് നിധി പോലീസിന് മൊഴി നൽകിയിരുന്നു.18 പേരടങ്ങുന്ന പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Comments