മുംബൈ : ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ ലൈംഗിക , ഗാർഹിക പീഡനപരാതിയുമായി മുൻ കാമുകി സോമി അലി. സൽമാൻ ഖാൻ തന്നെ അധിക്ഷേപിക്കുകയും തല്ലുകയും ചെയ്യുമായിരുന്നുവെന്നും, കഴുത്തിലും മറ്റു പലയിടത്തുമുള്ള ചതവ് മറയ്‌ക്കാൻ മേക്കപ്പ് ചെയ്യേണ്ടിവന്നുവെന്നും സോമി അലി പറയുന്നു.
ആക്രമണം, ശാരീരിക പീഡനം, പ്രകൃതിവിരുദ്ധ ലൈംഗികത തുടങ്ങി ഗുരുതരമായ നിരവധി ആരോപണങ്ങളാണ് സോമി അലി ഉന്നയിച്ചിരിക്കുന്നത് . ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റുകളിലാണ് സോമി തന്റെ പഴയ കാലത്തെ കുറിച്ച് പറയുന്നത്. സൽമാൻ ഖാനെ മാനസികരോഗിയെന്ന് വിളിച്ചാണ് സോമി സംബോധന ചെയ്യുന്നതും. നോ മോർ ടിയേഴ്സ് എന്ന എൻ ജി ഒ യ്‌ക്കൊപ്പം ചേർന്ന് സോമി പ്രവർത്തിക്കുന്നുണ്ട് . ഇതുമായി ബന്ധപ്പെട്ടതാണ് പോസ്റ്റ്.
“മനുഷ്യക്കടത്തിനും ഗാർഹിക പീഡനത്തിനും ഇരയായവരെ രക്ഷിക്കുക എന്ന ദൗത്യവുമായി എന്റെ എൻജിഒ, നോ മോർ ടിയേഴ്സ്, ഡിസ്കവറി പ്ലസിലെ ഒരു ഡോക്യു-സീരീസ് പ്രദർശിപ്പിച്ചു. ഇരകളെ രക്ഷിക്കാൻ ഞാൻ 15 വർഷമായി പ്രതിഫലം കൂടാതെ എന്റെ രക്തവും വിയർപ്പും നൽകി. “ സോമി കുറിച്ചു .
കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായതിനാലാണ് താൻ നോ മോർ ടിയേഴ്‌സ് ആരംഭിച്ചതെന്ന് സോമി വെളിപ്പെടുത്തി. അഞ്ചാം വയസ്സിൽ തന്നെ ശാരീരികമായി പീഡിപ്പിക്കപ്പെട്ടു. ഒമ്പതാം വയസ്സിൽ പാകിസ്താനിലെ വീട്ടുജോലിക്കാരനും തന്നെ ശാരീരികമായി ഉപദ്രവിച്ചു.
“ഇന്ത്യയിലേക്ക് വന്നതിന്റെ യഥാർത്ഥ ലക്ഷ്യം സൽമാൻ ഖാനെ വിവാഹം കഴിക്കുക എന്നതായിരുന്നു. അന്ന് ഞാൻ 16 വയസ്സുള്ള ഒരു പെൺകുട്ടിയായിരുന്നു. അപ്പോഴൊക്കെ എന്റെ മനസ്സ് ആകെ ബാലിശമായിരുന്നു. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ് യഥാർത്ഥ ജീവിതത്തിൽ അദ്ദേഹമെന്ന് എനിക്ക് അറിയില്ലായിരുന്നു“ സോമി പറയുന്നു.
തന്റെ ‘ഫൈറ്റ് ആൻഡ് ഫ്ലൈറ്റ്’ എന്ന ടിവി പരമ്പര ഇന്ത്യയിൽ റിലീസ് ചെയ്യുന്നത് തടയാൻ സൽമാൻ ശ്രമിച്ചു . ന്യൂയോർക്കിൽ അദ്ദേഹത്തിന് ചില അഭിഭാഷകർ ഉണ്ട് . അവർ സൽമാനെതിരെ സംസാരിക്കുന്നത് നിർത്തിയില്ലെങ്കിൽ കേസെടുക്കുമെന്ന് അവർ ഭീഷണി സന്ദേശങ്ങൾ അയച്ചു.
“ഞാൻ മുംബൈയിൽ ആയിരുന്നപ്പോൾ സൽമാൻ ഖാൻ എന്നെ അധിക്ഷേപിക്കുകയും തല്ലുകയും ചെയ്യുമായിരുന്നു. അക്കാലത്ത് എന്റെ മേക്കപ്പ് ആർട്ടിസ്റ്റ് അജയ് ഷേലാറിന് എന്റെ കഴുത്തിലും മറ്റു പലയിടത്തും ചതവ് മറയ്‌ക്കാൻ മേക്കപ്പ് ചെയ്യേണ്ടിവന്നു. ഞാൻ സ്റ്റുഡിയോയിൽ പോകുമ്പോൾ നിർമ്മാതാക്കൾ ഇതെല്ലാം കാണുമായിരുന്നു . ഇതെല്ലാം ബ്രേക്കിംഗ് ന്യൂസ് അല്ല . അവൻ അപമാനിച്ച ഒരേയൊരു സ്ത്രീ ഞാനല്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. പല പെൺകുട്ടികളോടും സൽമാൻ ഇത് ചെയ്തിട്ടുണ്ട്. 90കളിലെ എല്ലാ പത്രങ്ങളിലും മാസികകളിലും സൽമാന്റെ ആക്രമണത്തിന്റെ നിരവധി കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.“ സോമി പറഞ്ഞു.
Comments