കോഴിക്കോട്: അടുത്ത വർഷം നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭക്ഷണത്തിനൊപ്പം മാംസാഹാരവും വിളമ്പുമെന്ന് വിദ്യാഭ്യാസമന്ത്രി. കോഴിക്കോട് നടന്ന കലോത്സവ സമാപന ചടങ്ങിലായിരുന്നു വി. ശിവൻകുട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം.
ഇറച്ചിയും മീനും വിളമ്പേണ്ടായെന്ന നിർബന്ധം സർക്കാരിനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ അറിയിച്ചിരുന്നു. അടുത്ത വർഷം മുതൽ മാംസാഹാരം നൽകുമെന്നും വിവാദങ്ങൾക്കിടെ മന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഇക്കാര്യത്തിലായിരുന്നു ഇന്ന് നടന്ന കലോത്സവ സമാപന ചടങ്ങിൽ മന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മാംസാഹാരം ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി കലോത്സവ മാനുവലിൽ പരിഷ്കരണം വരുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. കുട്ടികളായതിനാൽ നോൺ വെജ് കഴിക്കുമ്പോൾ എന്തെങ്കിലും ശാരീരിക പ്രശ്നങ്ങളുണ്ടാകുമോയെന്നൊരു ആശങ്ക മാത്രമാണ് ഉള്ളതെന്നും ശിവൻകുട്ടി പ്രതികരിച്ചിരുന്നു.
അതേസമയം ഇത്തവണത്തെ സംസ്ഥാന കലോത്സവത്തിൽ ആതിഥേയരായ കോഴിക്കോട് ചാമ്പ്യൻമാരായി. 945 പോയിന്റ് നേടിയാണ് കോഴിക്കോട് സ്വർണക്കപ്പുയർത്തിയത്. 925 പോയിന്റുമായി കണ്ണൂരും മുൻ ചാമ്പ്യൻമാരായ പാലക്കാടും രണ്ടാമതെത്തി. 915 പോയിന്റ് കരസ്ഥമാക്കിയ തൃശൂരിനാണ് മൂന്നാം സ്ഥാനം.
Comments