കണ്ണൂർ: സിപിഎം എംഎൽഎക്കെതിരായ വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതിന് പൊതുപ്രവർത്തകന് ഭീഷണി. ഇത്രയും നാൾ പാർട്ടി എല്ലാവരേയും ചേർത്ത് പിടിച്ചു. തെറ്റിക്കഴിഞ്ഞാൽ ചിത്രം മാറുമെന്നായിരുന്നു സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി.
സിപിഎം കണ്ണൂർ ആലപ്പടമ്പ ലോക്കൽ സെക്രട്ടറി ടി. വിജയനാണ് പൊതുപ്രവർത്തകനായ ജോബി പീറ്ററിനെ ഭീഷണിപ്പെടുത്തിയത്. ഇതിന്റെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു. ഗൃഹസന്ദർശന പരിപാടിയിൽ ടിഐ മധുസൂദനൻ എംഎൽഎ വീട് കയറുന്നതുമായി ബന്ധപ്പെട്ട ഓൺലൈൻ വാർത്ത വാ്ടസ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചതിനാണ് പൊതുപ്രവർത്തകനെതിരെ സിപിഎം കൊലവിളി നടത്തിയത്.
പ്രദേശത്തെ മത്സ്യ സംസ്കരണ യൂണിറ്റിനെതിരെ സമരം നടക്കുന്നതിനാൽ പ്രതിഷേധം ഭയന്നാണ് എംഎൽഎ ഗൃഹ സന്ദർശന പരിപാടിയിൽ നിന്ന് പിന്മാറിയത് എന്നായിരുന്നു ഓൺലൈൻ വാർത്ത. പൊതുപ്രവർത്തകനായ ജോബി പീറ്റർ വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. തുടർന്നാണ് ഫോണിലൂടെ ഭീഷണിയുണ്ടായത്.
തന്റെയും സമരസമിതി പ്രവർത്തകരുടെയും ജീവന് സിപിഎം ഭീഷണിയുണ്ടെന്ന് ജോബി പീറ്റർ പറഞ്ഞു. എംഎൽഎക്കെതിരെ പ്രവർത്തിക്കുന്നത് ചോദ്യം ചെയ്യുകയാണ് താൻ ചെയ്തതെന്നാണ് ഇക്കാര്യത്തിൽ ലോക്കൽ സെക്രട്ടറി ടി. വിജയന്റെ വിശദീകരണം. നേരിട്ട് അറിയുന്നയാളെ ഫോണിലൂടെ ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലെന്നും വിജയൻ പറഞ്ഞു.
Comments